വാഷിംഗ്ടണ്‍: വരുന്ന നാല് മാസത്തിനുള്ളില്‍ അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 81,000 കവിയുമെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് യുഎസിനെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഏപ്രില്‍ രണ്ടാം ആഴ്ചയോടെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും.  ജൂണ്‍ അവസാനത്തോടെ മരണനിരക്കില്‍ കുറവുണ്ടാകുമെങ്കിലും ജൂലായ്ക്ക് ശേഷവും മരണം തുടരും.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്കും സമൂഹവ്യാപന സാധ്യതയും മറ്റ് സര്‍ക്കാര്‍ കണക്കുകളും അപഗ്രഥിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുറഞ്ഞത് 38000 പേരും കൂടിയത് 162000 പേരും മരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ഡോ. ക്രിസ്റ്റഫര്‍ മുറെയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.  

സാമൂഹിക അകലം പാലിക്കാനുള്ള ലോക്ക്ഡൗണ്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ കരുതിയതിലും ദിവസം നീളും. രോഗനിര്‍ണയ പരിശോധനയും സമ്പര്‍ക്ക വിലക്കുമാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നും പഠനം പറയുന്നു.  ഏപ്രില്‍ അവസാനത്തോടെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്കും ഐസിയുവിനും കടുത്ത ക്ഷാമം നേരിടും. വരും മാസങ്ങളില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 50 ശതമാനം അധികം ഐസി യൂണിറ്റുകള്‍ വേണ്ടിവരും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രതിസന്ധി പ്രതീക്ഷച്ചതിലേറെ രൂക്ഷമാകും. ലൂസിയാന, ജോര്‍ജിയ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ അതിവേഗ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. യൂറോപ്പിന് ശേഷം കൊവിഡ് 19ന്റെ കേന്ദ്രമായി അമേരിക്ക മാറാന്‍ സാധ്യതയുണ്ട്. 

നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 85,749 പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിച്ചു. 1304 പേര്‍ മരിച്ചു. 
അതേസമയം,  തൊഴിലിടങ്ങളിലേക്ക് തിരിച്ചുമടങ്ങാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത്. പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ തിരിച്ചുപിടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു. നേരത്തെ ചൈനയെ ട്രംപ് വിമര്‍ശിച്ചിരുന്നു.