Asianet News MalayalamAsianet News Malayalam

24 മണിക്കൂര്‍, ഒന്നരലക്ഷത്തിനടുത്ത് രോഗികള്‍; ലോകത്തെ ശ്വാസംമുട്ടിച്ച് കൊവി‍ഡ്

ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

covid 19 world stats on 13th june 2020
Author
Geneva, First Published Jun 13, 2020, 6:58 AM IST

ജനീവ: മാസങ്ങള്‍ പിന്നിട്ടിട്ടും ലോകത്തെയാകെ കണ്ണീരിലാഴ്ത്തി കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. ലോകത്തെ നിലവില്‍ 7,731,662 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.

മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു. 791 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍, കൊവി‍ഡ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്ന സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് കണക്കുകള്‍ ആശ്വാസമായി വരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ സ്പെയിനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 502 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്. അതേസമയം, കൊവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 116,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിലും മുന്നറിയിപ്പ് നൽകിയിരിക്കയാണ് ലോകാരോഗ്യസംഘടന.

രണ്ട് ലക്ഷമാണ് രോഗബാധിതർ. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തത് 18 ദിവസം മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് രോഗബാധിതർ കൂടുതല്‍. ആരോഗ്യരംഗം അപ്പാടെ തകർന്നിരിക്കുന്ന യെമനിലും കൊവിഡ് പടരുകയാണ്. ശരിയായ കണക്കുകളല്ല പുറത്തുവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 

(കൊവിഡ് 19 മഹാമാരിയെ നേരിടുന്നതിലെ സര്‍ക്കാരുകളുടെ വീഴ്ചകള്‍ക്കെതിരെ ബ്രസീലിലെ കോപ്പകബാനാ ബീച്ചില്‍ പ്രതീകാത്മകമായി ശവക്കുഴികളുണ്ടാക്കി പ്രതിഷേധിച്ചതാണ് വാര്‍ത്തയ്ക്ക്  ചിത്രമായി നല്‍കിയിരിക്കുന്നത് കടപ്പാട് - ഗെറ്റി ഇമേജസ് )

Follow Us:
Download App:
  • android
  • ios