‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. ഇതിനകം 50 ലധികം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

കൊളംബോ: രാജ്യത്തെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. ഇതിനകം 50 ലധികം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ ദൗത്യത്തിനായി ഇന്ത്യയുടെ സഹായം ലങ്കൻ സർക്കാ‍ർ തേടിയത്. ഐ എൻ എസ് വിക്രാന്തും വിമാനങ്ങളുമടക്കം വിട്ടുനൽകി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ലങ്കൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകി. കത്തിനോട് പോസിറ്റീവ് സമീപനം സ്വീകരിച്ച ഇന്ത്യ രക്ഷാ ദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് അറിയിച്ചു. ഐ എൻ എസ് വിക്രാന്ത് അടക്കം വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐ എൻ എസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

ശ്രീലങ്കയിൽ പൊതു അവധി

‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കമാണ് ശ്രീലങ്കൻ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സ്കൂളുകൾ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. നിരവധി മേഖലകളിൽ ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ദേശീയോദ്യാനങ്ങളെല്ലാം അടച്ചു. കനത്തമഴയും കാറ്റും കാരണം ഗതാഗത സംവിധാനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിരവധി റോഡുകൾ തകർന്നു. ഇന്ന് രാവിലെ 6 മുതൽ ട്രെയിൻ സർവീസുകൾ എല്ലാം നിർത്തിവച്ചു. കൊളംബോയിൽ വിമാനം ഇറക്കാനാകുന്നില്ലെങ്കിൽ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനും ലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തമിഴ്നാട് - ആന്ധ്രാ - പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ തീരങ്ങളിലും ജാഗ്രത നിർദ്ദേശമുണ്ട്. തമിഴ്നാട് - ആന്ധ്രാ - പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പടക്കം നൽകിയിട്ടുണ്ട്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈയിലെ ജലസംഭരണികളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. റെഡ് ഹിൽസ്, പൂണ്ടി, ചെമ്പരമ്പാക്കം എന്നീ ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘനയടി വെള്ളം തുറന്നുവിടുകയാണ്. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാഹചര്യം വിലയിരുത്തുകയും ചെയ്തു.