കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വെല്ലിംഗ്ടണ്‍: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉൾപ്പെടെ മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് മരിച്ചത്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്‍റണ്‍ ടാരന്‍റൻ എന്ന 28കാരൻ മാത്രമാണെന്ന് ന്യൂസീലൻഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേർക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.
ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.
തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് അക്രമി 50 പേരെ കൊലപ്പെടുത്തിയത്.
