1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
കീവ്: റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
യുക്രൈൻ്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് ഇന്ന് റഷ്യൻ സൈന്യം കടന്നു കയറിയതാണ് യുദ്ധരംഗത്ത് നിന്നുള്ള പ്രധാന വാർത്ത. അറുപത് റഷ്യൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങിയെന്നും ഇവരെ യുക്രൈൻ സൈന്യം തുരത്തിയെന്നും യുക്രൈനിലെ പടിഞ്ഞാറൻ പട്ടണമായ ലിവീവ് മേയർ അറിയിച്ചു. പൊടുന്നനെ റഷ്യ ലിവീവ് ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിന് പിന്നിൽ കാരണമെന്താണെന്ന് അറിയില്ല. എന്നാൽ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി തലസ്ഥാനമായ കീവിൽ നിന്നും ലിവീവിലേക്ക് കടന്നുവെന്ന് നേരത്തെ ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെലൻസ്കിയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം എന്ന വിലയിരുത്തലുണ്ട്.
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള ലിവീവ് ഒരു സാംസ്കാരിക നഗരമായിട്ടാണ് അറിയപ്പെടുന്നത്. കീവ് പോലെയോ ഖർഖീവ് പോലെയോ എന്തെങ്കിലും പ്രതിരോധ പ്രാധാന്യം ഈ നഗരത്തിനില്ല. യുക്രൈനിലെ മറ്റു നഗരങ്ങളിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ ലിവീവ് വഴി രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു. കഴിഞ്ഞ ദിവസം വരെ റഷ്യയിൽ നിന്നും കാര്യമായ ആക്രമണം ഇല്ലാതിരുന്നതിനാൽ രാജ്യംവിടാൻ ഉദ്ദേശിക്കുന്നവർക്ക് സുരക്ഷിതമായ പാതയായിട്ടാണ് ലിവീവ് വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര വിലയിരുത്തപ്പെട്ടത്.
യുക്രൈന് സാമ്പത്തിക സഹായം നൽകാൻ അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയും ഇന്ന് രംഗത്ത് എത്തി. ആഗോളതലത്തിലെ സാമ്പത്തിക ഇടപാടുകൾക്ക് സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന യുക്രൈൻ്റെ ആവശ്യത്തിനും റഷ്യ പിന്തുണ പ്രഖ്യാപിച്ചു. റഷ്യയ്ക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫ് മത്സരം പോളണ്ട് കളിക്കില്ല. അടുത്ത മാസം 24ന് മോസ്കോയിലായിരുന്നു മത്സരം. പ്രതികരിക്കേണ്ട സമയമാണിതെന്ന് പോളിഷ് ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്‍റ് പറഞ്ഞു.
റഷ്യയ്ക്ക് മേൽ ആണവ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടാണ് യുക്രൈൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റഷ്യയുടെ ആണവശേഖരത്തിൽ അന്താരാഷ്ട്ര പരിശോധന വേണമെന്നും അവർ ആവശ്യപ്പെടുന്നു. റഷ്യൻ മിസൈൽ തകര്‍ത്തെന്ന് യുക്രൈൻ അവകാശപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ കീവിലെ അണക്കെട്ട് ലക്ഷ്യമാക്കി വന്ന മിസൈൽ തകര്‍ത്തുവെന്നാണ് അവകാശവാദം. പുലര്‍ച്ചെ 3.50ന് മിസൈലിനെ തകർത്തതെന്നും യുക്രൈൻ അവകാശപ്പെട്ടു.
അതേസമയം റഷ്യൻ ആക്രമണത്തെ ചെറുത്തെന്ന് സെലൻസ്കി പറഞ്ഞു. പ്രതിരോധിക്കാൻ തയ്യാറുള്ളവര്‍ക്കെല്ലാം ആയുധം നൽകാമെന്നും രാജ്യത്തെ പ്രതിരോധിക്കാൻ തയ്യാറുള്ളവര്‍ മുന്നോട്ട് വരണമെന്നും യുക്രൈൻ പ്രസിഡൻ്റ് ആഹ്വാനം ചെയ്തു. തലസ്ഥാനമായ കിവി ഇപ്പോഴും യുക്രൈൻ സർക്കാരിൻ്റെ നിയന്ത്രണത്തിൽ തന്നെയാണുള്ളത്. നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. യുക്രൈൻ സേന റഷ്യയെ ശക്തമായി നേരിടുന്നുണ്ട് രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ യുക്രൈൻ പ്രസിഡൻ്റ് പറഞ്ഞു.
