ഇസ്ലാമാബാദ്: കടം വാങ്ങുന്നതില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാകിസ്ഥാന്‍ കടം വാങ്ങി കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ മൊത്തം കടത്തില്‍ 7,509 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെയുള്ള റെക്കോര്‍ഡാണിത്. 

കടം വാങ്ങിയതിന്‍റെ വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018 ഓഗസ്റ്റ് മുതല്‍  2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 2,804 ബില്യണ്‍ രൂപയാണ് സര്‍ക്കാര്‍ വിദേശത്ത് നിന്ന് കടം വാങ്ങിയത്. 4,705 ബില്യണ്‍ രൂപ ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നും വാങ്ങി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്ക് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ രണ്ട് മാസങ്ങളില്‍ രാജ്യത്തിന്‍റെ പൊതുകടത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. ഫെഡറല്‍ സര്‍ക്കാരിന്‍റെ കടം 32,240 ബില്യണ്‍ രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 24,732 ബില്യണ്‍ രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ സര്‍ക്കാരിന്‍റെ നികുതി പിരിവ് വഴി 960 ബില്യണ്‍ രൂപ ലഭിച്ചു. ഒരു ട്രില്യണ്‍ രൂപയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം.