കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ചൈനയെ പരിഹസിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പ് ചോദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്‍മാര്‍ക്കിലെ പ്രമുഖ ദിനപ്പത്രം. ജിലാന്‍ഡ്സ് പോസ്റ്റണ്‍ എന്ന പേപ്പറില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയെ പരിഹസിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 

ചൈനീസ് പതാകയിലെ നക്ഷത്രങ്ങള്‍ക്ക് പകരമായി കൊറോണ വൈറസ് രൂപങ്ങളായിരുന്നു വരച്ചിരുന്നത്. കാര്‍ട്ടൂണ്‍ ചൈനയെ പരിഹസിക്കുന്നതാണെന്നായിരുന്നു ഡെന്‍മാര്‍ക്കിലെ ചൈനീസ് എംബസി കാര്‍ട്ടൂണിനെ വിശേഷിപ്പിച്ചത്. ചൈനയിലെ ജനങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതായിരുന്നു കാര്‍ട്ടൂണ്‍ എന്നും എംബസി വിശദമാക്കിയിരുന്നു. ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിച്ച കാര്‍ട്ടൂണിസ്റ്റും മാധ്യമവും പൊതുജനമധ്യത്തില്‍ ചൈനീസ് ജനതയോട് മാപ്പുപറയണമെന്നുമായിരുന്നു എംബസിയുടെ നിലപാട്. 

Danish Daily Newspaper Jyllands-Posten carried the cartoon on Monday

എന്നാല്‍ കാര്‍ട്ടൂണ്‍ ആവിഷ്കാര സ്വാതന്ത്ര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല ചിത്രം വരയ്ക്കുവാനും ഡെന്‍മാര്‍ക്കില്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രെഡെറിക്സെന്‍ വിശദമാക്കി. ഇതിന് പിന്നാലെ തെറ്റല്ല എന്ന് ഉറപ്പുള്ള കാര്യത്തിന്‍റെ പേരില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പത്രാധിപരായ ജേക്കബ് നിബോര്‍ വിശദമാക്കി. 

2005ല്‍ ജിലാന്‍ഡ്സ് പോസ്റ്റണില്‍ വന്ന മറ്റൊരു കാര്‍ട്ടൂണ്‍  പ്രവാചകനിന്ദയാണ് നടത്തിയെന്ന പേരില്‍ ചില അറബ് രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചിരുന്നു.