ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രാജി വയ്ക്കുന്നു എന്ന അഭ്യൂഹങ്ങൾ തള്ളി അദ്ദേഹത്തിന്‍റെ ഓഫീസ് രംഗത്തെത്തി. 

ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി അദ്ദേഹത്തിന്‍റെ ഓഫീസ്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായുള്ള (ഐആർജിസി) അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പെസഷ്കിയാൻ രാജി വയ്ക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഇറാൻ ഇന്റർനാഷണൽ' എന്ന വിദേശത്ത് പ്രവർത്തിക്കുന്ന മാധ്യമം ആണ് രാജി വാർത്ത ആദ്യം പുറത്തുവിട്ടത്. കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്‍റ് ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ നിർണായകമായ തീരുമാനങ്ങളിൽ നിന്നും നയരൂപീകരണങ്ങളിൽ നിന്നും തന്നെയും തന്റെ സർക്കാരിനെയും പൂർണ്ണമായി ഒഴിവാക്കിയതായി പെസഷ്കിയാൻ രാജിക്കത്തിൽ ആരോപിച്ചതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

എന്നാൽ ഐആർജിസിയുമായി അടുത്ത ബന്ധം പുലർത്തുന്ന വാർത്താ ഏജൻസിയായ 'തസ്നിം' ഈ റിപ്പോർട്ട് പൂർണമായി നിഷേധിച്ചു. പ്രസിഡന്‍റ് രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം തന്‍റെ ഔദ്യോഗിക ചുമതലകൾ പതിവുപോലെ നിർവ്വഹിച്ചു വരികയാണെന്നും വാർത്താ ഏജൻസി വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ ഓഫീസിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആയ സയ്യിദ് മെഹ്ദി തബതബായിയും എക്സ് പ്ലാറ്റ്‌ഫോമിലൂടെ രാജി വാർത്ത തള്ളി രംഗത്തുവന്നു. വിദേശ മാധ്യമ ശൃംഖലകൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അവരുടെ സ്വന്തം ആഗ്രഹങ്ങളാണ് വാർത്തയായി നൽകിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ ജനതയെ സേവിക്കുന്നതിൽ നിന്നും പ്രസിഡന്റ് പെസഷ്കിയാൻ ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് തബതബായി കൂട്ടിച്ചേർത്തു. ഐക്യത്തിന്‍റെയും പ്രതിരോധത്തിന്റെയും പാതയിൽ നിന്ന് ഇറാൻ ജനതയും പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ എയർ ബേസ് തകർത്തെന്ന് ഇറാൻ

അതിനിടെ തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള സിരിക് ദ്വീപിൽ ടെലി കമ്മ്യൂണിക്കേഷൻ ടവർ തകർത്തതിന് തിരിച്ചടിയായി അമേരിക്കയുടെ എയർ ബേസ് തകർത്തു എന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ചാണ് അനദൊലു ഏജൻസി ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിരിക് ദ്വീപിലെ ഇറാന്റെ ആശയവിനിമയ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് തങ്ങൾ പ്രത്യാക്രമണം നടത്തിയതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയുടെ ആക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഈ ശക്തമായ തിരിച്ചടി നൽകിയതായും, മുൻകൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകർക്കാൻ തങ്ങളുടെ സേനയ്ക്ക് സാധിച്ചതായും ഇറാൻ അവകാശപ്പെട്ടു.