Asianet News MalayalamAsianet News Malayalam

നിമിഷ ഫാത്തിമ ജയിൽ മോചിതയായോ? തിരികെ കൊണ്ടു വരണമെന്ന് അഭ്യർത്ഥിച്ച് അമ്മ

മകളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നതാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്‍റെ ആവശ്യം. ഐഎസ്സിൽ ചേർന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാർപ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയിൽ താലിബാൻ തകർത്തിരുന്നു. 
 

did nimisha fathima evacuated from kabul jail family has no information
Author
Kabul, First Published Aug 17, 2021, 10:58 AM IST

തിരുവനന്തപുരം/ കാബൂൾ: ഐഎസ്സിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമ ജയിൽ മോചിതയായോ? കുടുംബത്തിന് നിമിഷ ഫാത്തിമയെക്കുറിച്ച് ഒരു വിവരവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ബിന്ദുവിന്‍റെ ആവശ്യം. നേരത്തേയും ഈ അഭ്യർത്ഥനയുമായി ബിന്ദു കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു പറഞ്ഞു. 

ഐഎസ്സിൽ ചേർന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാർപ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയിൽ താലിബാൻ തകർത്തിരുന്നു. നിമിഷ എവിടെയെന്ന കാര്യത്തിൽ ഇതുവരെയും ആർക്കും ഒരു വ്യക്തതയും ഇല്ല. 

മുൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ താലിബാൻ കാബൂൾ ജയിലിൽ നിന്ന് മോചിപ്പിച്ചത്. പുൾ-എ-ചർക്കി എന്ന കാബൂൾ ജയിലിലായിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവിടെ അയ്യായിരത്തോളം തടവുകാരാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജയിലാണിത്. വളരെ മോശം സ്ഥിതിയിലാണ് ഈ ജയിൽ പ്രവർത്തിക്കുന്നത് എന്ന് നേരത്തേയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായതാണ്. അൽ ഖ്വെയ്ദയിലെയും താലിബാനിലെയും ഐഎസ് അടക്കമുള്ള മറ്റ് തീവ്രവാദസംഘടനകളിലെയും പ്രവർത്തകരെ പാർപ്പിച്ചിരിക്കുന്നത് ഇവിടത്തെ ഉന്നതസുരക്ഷാ സെല്ലുകളിലാണ്. 

കാബൂളിലെ ജയിലിൽ നിന്ന് രക്ഷപ്പെടുന്ന തടവുകാർ, എൻബിസി ന്യൂസ് കറസ്പോണ്ടന്‍റ് റിച്ചാർഡ് ഏംഗൽ പുറത്തുവിട്ട ദൃശ്യങ്ങൾ:

ഒരു സ്വതന്ത്ര അഫ്ഗാൻ ഏജൻസിയും അൽജസീറ ടിവിയും പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ, ആയിരക്കണക്കിന് കുറ്റവാളികളെ താലിബാൻ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് വ്യക്തമായിരുന്നു. ഈ ജയിലിനകത്ത് നിന്ന് വെടിയൊച്ചകളും കേട്ടതായി, പ്രാദേശിക വാസികൾ അഫ്ഗാൻ മാധ്യമങ്ങളോട് പറഞ്ഞു. 

നിലവിൽ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലാണ്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി. ഇതിനെല്ലാമിടയിലാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ തീർത്തും അപ്രതീക്ഷിതമായി മാറിമറിഞ്ഞത്. 

മടക്കിക്കൊണ്ടുവരുന്നത് സുരക്ഷാഭീഷണിയെന്ന് ഏജൻസികൾ, ആ വാദം തെറ്റെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ

ഐഎസിൽ ചേർന്നവരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടു വരുന്നത് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതായി നേരത്തേ ദ ഹിന്ദു ദിനപത്രത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്കിയതിന് തെളിവുണ്ടെന്ന റിപ്പോർട്ടാണ് ഏജൻസികൾ സർക്കാരിന് നല്കിയത്. എന്നാൽ രഹസ്യാന്വേഷണ ഏജൻസികളുടെ ഈ വാദം തെറ്റാണെന്ന് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരടക്കം ദില്ലി ബ്യൂറോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് കടുത്ത എതിർപ്പെന്നാണ് സൂചന. സർക്കാരിന്‍റെ രാഷ്ട്രീയ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദ ഹിന്ദു ദിനപത്രം ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവരം നല്കിയെങ്കിലും കേന്ദ്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയവും മൗനം തുടരുകയാണ്. അഫ്ഗാനിസ്ഥാൻ ഇവരെ കൈമാറാൻ തയ്യാറെന്ന് വ്യക്താക്കിയപ്പോൾ സുരക്ഷ ഏജൻസികളുടെ നിലപാട് സർക്കാർ തേടിയിരുന്നു. 

ചാവേർ ആക്രമണത്തിന് പരിശീലനം സംഘത്തിലെ എല്ലാവക്കും കിട്ടിയിട്ടുണ്ട്. പാരീസിലെ ആക്രമണം ഉദാഹരണമാണ്. സ്വന്തം രാജ്യത്ത് ഐഎസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നല്കിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണിയാകും എന്ന റിപ്പോ‍ർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്കിയത്. എന്നാൽ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അംബാസഡർ കെപി ഫാബിയൻ ഏഷ്യാനെറ്റ് ന്യൂസിനോടു പറയുന്നു. 

ഇവരെ മടക്കിക്കൊണ്ടുവരണം എന്നാണ് അഭിപ്രായമെന്ന് രഹസ്യാന്വേഷണ രംഗത്തുണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമനടപടികൾക്ക് വിധേയമാക്കി ഇവരെ മുഖ്യധാരയിൽ എത്തിക്കാനുള്ള ഒരു ശ്രമം നടത്താവുന്നതാണെന്നും ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios