ഇന്ന് പുലര്‍ച്ചെ ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ആണവ പദ്ധതികള്‍ എത്രത്തോളം നിര്‍വീര്യമാക്കാന്‍ ഇസ്രയേലിനായി എന്ന് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം

വര്‍ഷങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍ക്കൊടുവില്‍, ഇറാന്‍ ആണവ പദ്ധതികളുടെ തലച്ചോറായ നഥാന്‍സില്‍ ഉള്‍പ്പടെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍റെ ഉറക്കംകെടുത്തി കഴിഞ്ഞ രാത്രിയില്‍ നൂറിലേറെ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് അതിശക്തമായ ബോംബ് വര്‍ഷമാണ് ഇസ്രയേല്‍ നടത്തിയത്. ഇറാന്‍റെ ആണവ പദ്ധതികള്‍ വേരോടെ പിഴുതെറിയും എന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതിജ്ഞയ്ക്ക് ചിറക് നല്‍കുന്നതോ ഇന്ന് പുലര്‍ച്ചെ നടന്ന വ്യോമാക്രമണം? അതോ മുന്‍കാല ചരിത്രവും 'ഫോർഡോ' എന്ന രഹസ്യ കേന്ദ്രവും മറയാക്കി ഇറാന്‍ ആണവ സമ്പുഷ്‌ടീകരണവുമായി മുന്നോട്ടുപോകുമോ?

നഥാന്‍സ് ആക്രമിച്ച് ഇസ്രയേല്‍

വളരെ ആത്മവിശ്വാസത്തോടെയായിരുന്നു ആ വാക്കുകള്‍! ഇറാന്‍റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നഥാന്‍സില്‍ വ്യാഴാഴ്‌ച രാത്രി വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ്. 'ഇറാന്‍ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് നഥാന്‍സ്. ഇറാന്‍റെ ആണവായുധ ശേഖരത്തിനുള്ള വലിയ അളവ് ഇന്ധനം നിര്‍മ്മിക്കപ്പെട്ടത് നഥാന്‍സിലാണ് എന്നാണ് അനുമാനം. ആറ്റംബോബ് നിര്‍മ്മാണത്തിന്‍റെ തൊട്ടുപടിക്കലെ ഘട്ടത്തിലെത്തിനില്‍ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഥാന്‍സില്‍ ഇറാന്‍ തയ്യാറാക്കിയത്. അങ്ങനെയുള്ള നഥാന്‍സ് ആക്രമിച്ചപ്പോഴും ഇറാനിലെ മറ്റൊരു പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ (Fordow) ഇന്ന് പുലര്‍ച്ചെ നടന്ന വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഇസ്രയേലിനായിട്ടില്ല.

മൊസാദിന്‍റെ ചാരക്കണ്ണുണ്ടെങ്കിലും ഇസ്രയേലിനെ സംബന്ധിച്ച് അത്രയെളുപ്പം ഫോര്‍ഡോ ആക്രമിക്കുക എളുപ്പമല്ല എന്നതാണ് ഒരു യഥാര്‍ഥ്യം. അതിന് ചില കാരണങ്ങളുണ്ട്.

ഫോര്‍ഡോ എന്ന വജ്രായുധം

ഇറാന്‍റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്ന് വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്ക് കീഴിലായി തറനിരപ്പില്‍ നിന്ന് അര മൈലോളം ആഴത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് കെട്ടിലാണ് ഇറാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇസ്രയേല്‍ വ്യോമ കണ്ണുകള്‍ എത്താതിരിക്കാന്‍ വേണ്ടി കണക്കുകൂട്ടിയാണ് ഈ പ്രദേശം ആണവ സമ്പുഷ്ടീകരണത്തിനായി ഇറാന്‍ തെരഞ്ഞെടുത്തത്. ഇത്രയേറെ സുരക്ഷ ഇറാന്‍ അവകാശപ്പെടുന്ന ഫോര്‍ഡോ ആക്രമിക്കാന്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ കോപ്പുകൂട്ടിയോ എന്ന് വ്യക്തമല്ല. അതിനാല്‍തന്നെ ഇന്ന് പുലര്‍ച്ചെ ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ആണവ പദ്ധതികള്‍ എത്രത്തോളം നിര്‍വീര്യമാക്കാന്‍ ഇസ്രയേലിനായി എന്ന് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.

ഇറാന്‍റെ ആണവ പദ്ധതികള്‍ എത്ര കാലത്തോളം വൈകിപ്പിക്കാന്‍ ഈ ആക്രമണത്തിലൂടെ ഇസ്രയേല്‍ സേനയ്ക്കാകും എന്ന ചോദ്യവും ഉയരുന്നു. ഇറാൻ ആണവ നിർവ്യാപന കരാറിൽ നിന്ന് പൂര്‍ണമായും പിന്മാറി, ആണവായുധ നിര്‍മ്മാണം രഹസ്യമായി നടത്തുകയും, നെതന്യാഹു ഭയക്കുന്ന ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ മത്സരിക്കുമോ എന്ന ആശങ്കയും സജീവമാണ്.

സേഫല്ല ചരിത്രം

ഇറാനെതിരായ ആക്രമണങ്ങളുടെ മുന്‍കാല ചരിത്രം സൂചിപ്പിക്കുന്നത് അവയുടെ ഫലം പ്രവചനാതീതമാണ് എന്നാണ്. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ (centrifuge) ഇസ്രയേല്‍ നടത്തിയ സമർത്ഥമായ സൈബര്‍ ആക്രമണം പോലും ഇറാന്‍റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ. ഇതിന് ശേഷം ആണവ സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ തിരിച്ചുവന്നപ്പോള്‍ അത് എക്കാലത്തേക്കാളും ഭീമമായ തോതിലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ജോർജ്ജ് ഡബ്ല്യു ബുഷിന്‍റെ ഭരണകാലം തൊട്ടിങ്ങോട്ട് നഥാന്‍സ് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണ ശ്രമങ്ങളാണ് നടത്തിയത്.

ഇതിന് ശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും, ആണവായുധ നിര്‍മ്മാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ വധിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ അവ പോലും ഇറാന് താല്‍ക്കാലിക തിരിച്ചടികള്‍ മാത്രമേ നല്‍കിയുള്ളൂ. ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ഓരോ ആക്രമണത്തിന് ശേഷവും ഇറാന്‍ ആണവായുധ നിര്‍മ്മാണ ശ്രമങ്ങളില്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു എന്നതാണ് വസ്തുത. എങ്കിലും ഇറാന്‍ 2015-ല്‍ ഒപ്പിട്ട കരാർ പ്രകാരം ആണവ ഇന്ധനത്തിന്‍റെ 97 ശതമാനം ഉപേക്ഷിക്കാനും നഥാന്‍സിലെ സമ്പുഷ്ടീകരണം മന്ദഗതിയിലാക്കാനും നിർബന്ധിതരായി. ആണവായുധങ്ങള്‍ക്ക് പകരം ആണവോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗപ്രദമായ ഒരു തലത്തിലേക്ക് സമ്പുഷ്ടീകരണത്തിന്‍റെ അളവ് പരിമിതപ്പെടുത്താനും ഇതോടെ ഇറാന്‍ പ്രേരിതരായി.

ഈ കരാറിന് ശേഷമുള്ള മൂന്ന് വര്‍ഷക്കാലം നഥാന്‍സ് ഉയര്‍ത്തുന്ന ഭീഷണികള്‍ കുറഞ്ഞുവന്നതായി അമേരിക്കന്‍ ഉന്നതര്‍ വരെ വിശ്വസിച്ചു. ഇറാന്‍ ആണവായുധ നിര്‍മ്മാണം അവസാനിപ്പിച്ചതായി യുഎസ് വിശ്വസിച്ചില്ലെങ്കിലും, നഥാന്‍സിലെ ആണവ പദ്ധതികളുടെ വീര്യം കുറഞ്ഞു എന്നായിരുന്നു അനുമാനം. 2015-ലെ കരാറിനെ ദുരന്തമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 2018-ല്‍ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങി. തൊട്ടുപിന്നാലെ നഥാന്‍സ് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തം ഇറാന്‍ കടുപ്പിച്ചു. നഥാന്‍സില്‍ കൂടുതൽ കാര്യക്ഷമമായ സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചാണ് യുഎസിനും ഇസ്രയേലിനും ഇറാന്‍ മറുപടി നല്‍കിയത്. സമ്പുഷ്ടീകരണ തോത് 60 ശതമാനമായി ഇറാന്‍ വർധിപ്പിച്ചു. ഇത് ബോംബ് ഗ്രേഡിനേക്കാള്‍ അല്‍പം കുറവാണെങ്കിലും, ആണവായുധങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ലെവൽ 90 ശതമാനത്തിലേക്ക് സമ്പുഷ്‌ടീകരണം ഉയര്‍ത്താന്‍ കേവലം ആഴ്ചകള്‍ മാത്രം മതിയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായാണ് അന്താരാഷ്ട്ര പരിശോധകരുടെ നിഗമനം. ഇറാനിൽ ഇപ്പോൾ ഒമ്പത് ആണവായുധങ്ങൾക്ക് ആവശ്യമായ ഇന്ധനം ഉണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ആ ഇന്ധനം "ആയുധമാക്കാൻ" കഴിയുമെന്നുമാണ് നെതന്യാഹുവിന്‍റെ വാദം. അതിനാല്‍ തന്നെ ഇറാനെതിരെ സൈനിക നടപടി വേണ്ടിവന്നതായും, ഇതിലേക്ക് കടന്നില്ലെങ്കില്‍ അപകട സാധ്യത വളരെയധികം കൂടുതലാണെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നിര്‍ദേശിച്ചതായും ഇസ്രയേല്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ നെതന്യാഹു വാദിച്ചു. ഇസ്രയേലിന്‍റെ മിന്നലാക്രമണത്തിന്‍റെ നൈതികത ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും, പകരം ട്രംപിന്‍റെ നയതന്ത്രം വിജയിക്കുമായിരുന്നോ എന്ന ചോദ്യവും അവശേഷിക്കുന്നു.

ഫോര്‍ഡോ അവശേഷിക്കുന്നുണ്ടെങ്കില്‍...

ഒരു രാത്രി നടത്തിയ വ്യോമാക്രമണത്തിലൂടെ ഇറാനില്‍ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കാന്‍ ഇസ്രയേലിനായി എന്ന് ഇപ്പോള്‍ പറയുക അസാധ്യമായിരിക്കും. കാരണം, ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെങ്കിലും നഥാന്‍സ് എന്ന ഇറാന്‍ ആണവ പദ്ധതികളുടെ തലച്ചോര്‍ പൂര്‍ണമായും ഛിന്നഭിന്നമായതായി സ്ഥിരീകരണമില്ല. സെൻട്രിഫ്യൂജുകള്‍ എത്രമാത്രം നശിപ്പിച്ചുവെന്നും അവ്യക്തം. ഇറാന്‍റെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങള്‍ക്കപ്പുറം ഇറാനിയന്‍ സൈനിക, ആണവ ഗവേഷണ ബുദ്ധിജീവികളെ കീഴ്പ്പെടുത്താന്‍ ഇന്നലെ രാത്രിയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേലിനായെന്നത് വസ്തുതയാണ്. മുതിര്‍ന്ന ഇറാന്‍ ആണവ ഗവേഷകരെ ഇസ്രയേല്‍ വര്‍ഷങ്ങളായി ഉന്നമിടുന്നത് പതിവായിരുന്നു. അവരില്‍ ചിലരൊക്കെ കാര്‍ ഡോറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഇറാന്‍റെ ചീഫ് ന്യൂക്ലിയര്‍ സയന്‍റിസ്റ്റിനെ ഇസ്രയേല്‍ വധിച്ചത് ഒരു ഉദാഹരണം.

എന്നാല്‍, ഇന്നലെ രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ആസ്ഥാനങ്ങളും താമസസ്ഥലങ്ങളും തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത ഒരൊറ്റ എതിരാളിയെ കൊലപ്പെടുത്തുന്നതിന് പകരം, കൂട്ടമായ നാശം വിതയ്ക്കുകയായിരുന്നു ഈ ആക്രമണത്തില്‍ ഇസ്രയേലിന്‍റെ ലക്ഷ്യമെന്ന് വ്യക്തം.

എങ്കിലും, ഏറ്റവും ആഴത്തിലുള്ളതും അതീവ സുരക്ഷയുള്ളതുമായ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ പ്ലാന്‍റ് ആക്രമിക്കാന്‍ ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ ശ്രമിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ല. ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡുകളുടെ ക്യാംപ് കൂടിയാണ് ഫോര്‍ഡോ. ഫോര്‍ഡോ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്‍റെ ആണവായുധ പദ്ധതികള്‍ ഇല്ലാതാക്കാന്‍ ലോകത്താര്‍ക്കും കഴിയില്ലെന്ന് തറപ്പിച്ചുപറയുന്നു മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രീയ മധ്യസ്ഥനായി അറിയപ്പെടുന്ന ബ്രെറ്റ് മഗ്‌ഗൂര്‍ക്. ഭൂഗര്‍ഭ അറയില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബോംബുകള്‍ ഇസ്രയേലിന്‍റെ പക്കലില്ലെന്ന് ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഫോര്‍ഡോ ഇസ്രയേലിന്‍റെ ഇന്നലെ രാത്രിയിലെ വ്യോമാക്രമണത്തെ അതിജീവിച്ചിട്ടുണ്ടെങ്കില്‍ ഇറാന്‍റെ ആണവ പദ്ധതികള്‍ തുടരും എന്നാണ് ഇവരുടെ പക്ഷം.

NB: ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്