വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള സംവാദങ്ങള്‍ നടക്കുന്നതിനിടെ ട്രംപിനായി ഭാര്യ മെലാനിയയും രംഗത്ത്. 

ട്രംപ് പോരാളിയാണെന്നാണ് മെലാനിയ പറഞ്ഞത്. ''ഡൊണാള്‍ഡ് ട്രംപ് ഒരു പോരാളിയാണ്. അദ്ദേഹം ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, ഓരോ ദിവസവും അദ്ദേഹത്തിന്റെ പോരാട്ടം നിങ്ങള്‍ക്ക് വേണ്ടിയാണ്.'' ജോ ബിഡനുമായി ശക്തമായ പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയിലെ ട്രംപിന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു മെലാനിയ.

നേരത്തേ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യം വിടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ''അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇത് എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഞാന്‍ തോറ്റാല്‍ എന്താണ് ചെയ്യുക എന്ന് അറിയാമോ?, എനിക്ക് ഒരിക്കലും അത് നല്ലതായി തോന്നില്ല. ചിലപ്പോ ഞാന്‍ രാജ്യം തന്നെ വിടും, ഇപ്പോ എനിക്കൊന്നും അറിയില്ല'' -എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം കൊണ്ടുവരുമെന്നും, ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.

അതേ സമയം തെരഞ്ഞെടുപ്പിന് ഇനി വെറും 18 ദിവസം ബാക്കി നില്‍ക്കേ തന്റെ റിപ്പബ്ലിക്കന്‍ കോട്ടകളിലാണ് ട്രംപ് പ്രധാനമായും പ്രചാരണം കേന്ദ്രീകരിക്കുന്നത്. അതേ സമയം തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്രമണം ട്രംപ് അവസാനിപ്പിക്കുന്നില്ല. ജോ ബൈഡന്റെ കുടുംബം തന്നെ ഒരു ക്രിമിനല്‍ സ്ഥാപനമാണ് എന്നാണ് ട്രംപ് ആരോപിക്കുന്നത്.