താൻ ഇറാൻ ആണവ കരാർ റദ്ദാക്കിയത് കൊണ്ടാണ് ലോകം രക്ഷപ്പെട്ടതെന്ന് ഡൊണാൾഡ് ട്രംപ്. അല്ലെങ്കിൽ ഇറാൻ മൂന്ന് വർഷം മുൻപേ അണുബോംബ് ഉണ്ടാക്കുമായിരുന്നു. 

വാഷിംഗ്ടൺ: താൻ പ്രസിഡന്റായിരുന്നപ്പോൾ ബരാക് ഒബാമയുടെ 'ഭീകരമായ ഇറാൻ ആണവ കരാർ' അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ, ഇറാൻ മൂന്ന് വർഷം മുൻപേ അണുബോംബ് സ്വന്തമാക്കുമായിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡനെയും ബരാക് ഒബാമയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.

Add Asianetnews as a Preferred SourcegooglePreferred

2018-ൽ താൻ ഏകപക്ഷീയമായി പിൻവലിച്ച ഇറാൻ ആണവ കരാറിനെ ട്രംപ് നിശിതമായി വിമർശിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ ഈ പരാമർശം. ‘ഒബാമയുടെ ആ ഭീകരമായ ഇറാൻ ആണവ കരാർ ഞാൻ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ, ഇറാൻ മൂന്ന് വർഷം മുൻപ് തന്നെ ഒരു അണ്വായുധം സ്വന്തമാക്കിയേനെ. അത് നമ്മൾ ഏർപ്പെട്ട ഏറ്റവും അപകടകരമായ ഒരു ഇടപാടായിരുന്നു. അത് മുന്നോട്ട് പോയിരുന്നെങ്കിൽ, ഇന്നത്തെ ലോകം തന്നെ മറ്റൊന്നായേനെ. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ബരാക് ഹുസൈൻ ഒബാമയ്ക്കും സ്ലീപ്പി ജോ ബൈഡനുമാണ്.‘ ട്രംപ് കുറിച്ചു.

ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘ഒബാമയുടെ ഇറാൻ ആണവ കരാർ ഇല്ലാതാക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അല്ലെങ്കിൽ അവർ മൂന്ന് വർഷം മുൻപേ അണ്വായുധങ്ങൾ സ്വന്തമാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഞാനത് സംഭവിക്കാൻ അനുവദിക്കില്ല.‘ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ മിസൈലുകൾക്ക് ഇതിനകം തന്നെ യൂറോപ്പിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ആക്രമിക്കാൻ ശേഷിയുണ്ടെന്നും, അമേരിക്കയെ ലക്ഷ്യമിടാൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ‘ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അതിവേഗം വളരുകയായിരുന്നു. ഇത് അമേരിക്കയ്ക്കും വിദേശത്തുള്ള നമ്മുടെ സൈനികർക്കും വലിയ ഭീഷണിയായിരുന്നു.‘ ട്രംപ് വ്യക്തമാക്കി.

ആണവ പരീക്ഷണങ്ങൾക്ക് ഒരു മറയായിട്ടാണ് ഈ മിസൈൽ പദ്ധതിയെ ഇറാൻ കാണുന്നതെന്നും, ഇത് അവരുടെ അണ്വായുധ വികസനം തടയുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അണ്വായുധങ്ങളും ദീർഘദൂര മിസൈലുകളുമുള്ള ഒരു ഇറാൻ, മിഡിൽ ഈസ്റ്റിന് മാത്രമല്ല, അമേരിക്കയ്ക്ക് തന്നെ വലിയ ഭീഷണിയാകുമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. സൈനിക കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ, പ്രധാന ഭരണ കേന്ദ്രങ്ങൾ എന്നിവയായിരുന്നു ലക്ഷ്യം. ഈ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയും മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി ഇറാനും തിരിച്ചടിച്ചു. ഇസ്രായേൽ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വഷളാക്കുകയും സാധാരണക്കാർക്കും പ്രവാസികൾക്കും ഒരുപോലെ ഭീഷണിയാവുകയും ചെയ്തു.