അമേരിക്ക:  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കാൻ കഴിഞ്ഞ തിങ്കളാഴ് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഐഎസ് തലവൻ അബൂബക്കർ അൽ ബാ​ഗ്ദാദിയെ വധിക്കാൻ സഹായിച്ച സൈനിക വേട്ടനായ കോനൻ. അൽബാ​ഗ്ദാദിക്കെതിരായ അമേരിക്കയുടെ സൈനിക നടപടിയിൽ വീരപരിവേഷമാണ് കോനനുള്ളത്. ''ഇതാണ് കോനാൻ. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ വേട്ടനായ്.'' മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവർക്ക് ട്രംപ് കോനനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

''കോനൻ ഇവിടെ എത്തിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കോനാന് അവാർഡും സർട്ടിഫിക്കറ്റും നൽകും.'' ട്രംപ് പറഞ്ഞു. കെ-9 എന്ന കോഡിലൂടെ അറിയപ്പെട്ടിരുന്ന ബെൽജിയം മാലിന്യോ ഇനത്തിൽ ഉൾപ്പെട്ട വേട്ടനായ് ആണ് കോനൻ. ഏത് ലക്ഷ്യവും ശ്വസിച്ച് കണ്ടുപിടിക്കാനുള്ള കഴിവാണ് കോനനെ സൈന്യത്തിലെ താരമാക്കിയത്. 

ടണലിൽ ഒളിച്ചു കഴിഞ്ഞിരുന്ന ബാ​ഗ്ദാദിയെ വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് അമേരിക്കൻ ദൗത്യസേന കണ്ടെത്തിയത്. അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിൽ ബിൻ ലാദന് ശേഷം നടത്തിയ സൈനിക നീക്കമായിരുന്നു അൽ ബാ​ഗ്ദാദിക്കെതിരെ നടന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ വച്ച് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം പൊട്ടിത്തെറിച്ച് അവസാനിക്കുകയായിരുന്നു ബാ​ഗ്ദാദി.