ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് പിന്നിൽ താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
വാഷിംഗ്ടൺ: പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് ശേഷവും, ഇരുരാജ്യങ്ങളും തമ്മിലുള്ള "യുദ്ധം നിർത്തിയത്" താനാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ "യുദ്ധം നിർത്തി" ആവര്‍ത്തിച്ച ട്രംപ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു.
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നതിനാൽ മോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയതിനെ തുടർന്ന് ബുധനാഴ്ച പ്രധാനമന്ത്രി മോദിയും ട്രംപും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു. പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറോ കശ്മീർ വിഷയത്തിൽ യുഎസ് മധ്യസ്ഥതയോ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദി ട്രംപിനെ ധരിപ്പിച്ചിരുന്നു. സൈനിക നടപടികൾ നിർത്തലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള ആശയവിനിമയ ചാനലുകളിലൂടെ നേരിട്ടാണ് നടന്നതെന്നും പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് ആരംഭിച്ചതെന്നും മിസ്രി കൂട്ടിച്ചേർത്തു.
എന്നാൽ, പാകിസ്താൻ സൈനിക മേധാവി ആസിം മുനീറുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മാധ്യമങ്ങളോട് സംസാരിക്കവെ, താൻ യുദ്ധം നിർത്തിയെന്ന് ട്രംപ് ആവർത്തിച്ചത്. പാക് സൈനിക മേധാവി "വളരെ സ്വാധീനമുള്ള" വ്യക്തിയാണെന്നും മോദി അതിശയിപ്പിക്കുന്ന മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. ഇതിനെ കുറിച്ച് ഒരു വാർത്തയും വന്നെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ രണ്ട് പ്രധാന രാജ്യങ്ങൾ തമ്മിൽ, പ്രധാന ആണവശക്തികൾ തമ്മിലുള്ള ഒരു യുദ്ധം നിർത്തി. പക്ഷെ അത് സാരമില്ല. എല്ലാം ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീർ വിഷയത്തിൽ യുഎസ് ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത ഇന്ത്യ മുൻപും അംഗീകരിച്ചിട്ടില്ലെന്നും ഭാവിയിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മോദി ട്രംപിനോട് വ്യക്തമാക്കിയതായും ഇന്ത്യൻ വൃത്തങ്ങൾ ആവര്‍ത്തിച്ച് വ്യക്തമാക്കി.
