ഖത്തറിന് നേരെയുള്ള ആക്രമണം തുടർന്നാൽ ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ സൗത്ത് പാഴ്‌സ് വാതകപ്പാടം പൂർണ്ണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ ആക്രമണമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
വാഷിംഗ്ടൺ: ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ 'സൗത്ത് പാഴ്‌സ്'പൂർണ്ണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഈ മേഖല ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രയേൽ ഇനി ആക്രമണം നടത്തില്ലെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഖത്തറിന് നേരെ ആക്രമണം തുടർന്നാൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഇറാന്റെ സൗത്ത് പാഴ്‌സ് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നീക്കമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പശ്ചിമേഷ്യയിൽ നടന്ന സംഭവങ്ങളിലുള്ള ദേഷ്യം കാരണമാണ് ഇറാനിലെ പ്രധാനപ്പെട്ട സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ആകെ വിസ്തൃതിയുടെ താരതമ്യേന ചെറിയൊരു ഭാഗത്തിന് മാത്രമാണ് ആഘാതമേറ്റിട്ടുള്ളതെന്നുമാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് പറയുന്നത്.
ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചത് ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഖത്തറിന് നേരെയുള്ള ആക്രമണം തുടർന്നാൽ അമേരിക്ക നേരിട്ട് ഇടപെട്ട് ഇറാന്‍റെ വാതകപ്പാടം തകർക്കുമെന്നാണ് ഭീഷണി. ‘ഇതുവരെ കാണാത്ത അത്ര ശക്തിയോടെ അമേരിക്ക തിരിച്ചടിക്കും’ എന്നാണ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഖത്തറി സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം ഉത്പാദനം നിർത്തലാക്കുന്നതിനുമുമ്പ് ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം നൽകിയിരുന്ന എൽഎൻജി പ്ലാന്റ് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. നാല് മിസൈലുകളെ തടഞ്ഞെങ്കിലും ഒന്ന് നിർവീര്യമാക്കാൻ സാധിച്ചില്ലെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു. മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. സമാധാന ചർച്ചകൾക്ക് പകരം ആക്രമണ പ്രത്യാക്രമണങ്ങൾ വർദ്ധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഏതാണ്ട് അടഞ്ഞ നിലയിലാണ്.


