കാണാതായ കുട്ടിയെ അന്വേഷിക്കാനെന്ന വ്യാജേനയാണ് അധികൃതർ ക്യാമ്പസിൽ പ്രവേശിച്ചതെന്ന് ആരോപണമുയർന്നു. ഈ സംഭവം ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങൾക്കും വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും കാരണമായി.

വാഷിങ്ടണ്‍: ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഇടപെടലിന് പിന്നാലെ വിട്ടയച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ എല്ലി അഘയേവ എന്ന വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. ഇത് ക്യാംപസിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. കാണാതായ കുട്ടിയെ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ ക്യാമ്പസിൽ പ്രവേശിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥിയുടെ അറസ്റ്റിൽ താൻ ട്രംപിനെ വിളിച്ച് ആശങ്ക അറിയിച്ചിരുന്നുവെന്നും പിന്നാലെ എല്ലിയെ വിട്ടയക്കാൻ നിർദേശം നൽകിയതായി ട്രംപ് അറിയിച്ചെന്നും മംദാനി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഇസ്രയേലിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും മംദാനി ആവശ്യപ്പെട്ടു.

താൻ ഇപ്പോൾ സുരക്ഷിതയാണെന്ന് എല്ലി അഘയേവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടന്നത് തന്നെ ഞെട്ടിച്ചെന്ന് എല്ലി പറഞ്ഞു. അസർബൈജാനിൽ നിന്നുള്ള ന്യൂറോ സയൻസ് വിദ്യാർത്ഥിനിയാണ് എല്ലി. കൊളംബിയയിലെ ക്യാംപസിനെ പിടിച്ചുലച്ച പലസ്തീൻ അനുകൂല പ്രകടനങ്ങളിലൊന്നും എല്ലി പങ്കെടുത്തതായി റിപ്പോർട്ടില്ല. കുടിയേറ്റക്കാരായ വിദ്യാർത്ഥികൾക്കായുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോകൾ എല്ലി ചെയ്യാറുണ്ട്. ഒരു ലക്ഷത്തിലേറെ ഫോളേവേഴ്സുള്ള കണ്ടന്‍റ് ക്രിയേറ്ററാണ് എല്ലി. വ്യാഴാഴ്ച പുലർച്ചെ 6 മണിക്ക്, കാണാതായ കുട്ടിയെ അന്വേഷിക്കുകയാണെന്ന് പറഞ്ഞാണ് അഞ്ച് ഫെഡറൽ ഏജന്റുമാർ എല്ലിയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയതെന്ന് എല്ലിയുടെ അഭിഭാഷകർ നൽകിയ ഹർജിയിൽ പറയുന്നു. തന്നെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്തെന്നും ദയവായി സഹായിക്കൂ എന്നും എല്ലി ഉടൻ ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുകയായിരുന്നു. ക്ലാസുകളിൽ വരാതായതോടെ 2016 ൽ എല്ലിയുടെ സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ചെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വക്താവിന്‍റെ പ്രതികരണം. അവരുടെ വിസ സ്റ്റാറ്റസിനെക്കുറിച്ചും സർവകലാശാലയിൽ ചേർന്നിട്ട് എത്ര കാലമായി എന്നതിനെ കുറിച്ചും കൊളംബിയ സർവകലാശാല പ്രതികരിച്ചിട്ടില്ല.

കൊളംബിയ സർലകലാശാലയിൽ പ്രതിഷേധം

ഭരണകൂടത്തിന്റെ കണ്ണ് വീണ്ടും കൊളംബിയയിലേക്ക് തിരിയുന്നത് ഭയാനകമായ സൂചനയാണെന്ന് കൊളംബിയയിലെ ഗണിതശാസ്ത്ര പ്രൊഫസറും ട്രംപിനെതിരെ കേസ് ഫയൽ ചെയ്ത അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്‌സിന്‍റെ വൈസ് പ്രസിഡന്റുമായ മൈക്കൽ തദ്ദേവൂസ് പറഞ്ഞു. രഹസ്യ പൊലീസ് നമ്മുടെ ഇടയിൽ നിന്നും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കുന്നത് സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ മുൻ ബിരുദ വിദ്യാർത്ഥിയും പലസ്തീൻ അനുകൂല പ്രവർത്തകനുമായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, നാടുകടത്തൽ കേസ് ഇപ്പോഴും തുടരുകയാണ്. അതിനാൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സുരക്ഷ വർദ്ധിപ്പിക്കണമെന്ന് വിദ്യാർത്ഥികളും ഫാക്കൽറ്റിയും കൊളംബിയ സർവകലാശാലയോട് ആവശ്യപ്പെട്ടു. സമൻസ് അയയ്ക്കാതെയോ വാറണ്ടില്ലാതെയോ ഫെഡറൽ നിയമപാലകരെ സർവകലാശാലാ കെട്ടിടങ്ങളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിർദേശമുണ്ട്.

Scroll to load tweet…