ആക്രമണത്തിന് ശേഷം ഇയാൾ ഓടിച്ചിരുന്ന കാറിന് തീയിട്ട ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു

പാരീസ്: ഫ്രാൻസിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഇടയിലേക്ക് കാർ ഓടിച്ച് കയറ്റി പ്രദേശവാസി. രണ്ട് പേർക്ക് ഗുരുതര പരിക്ക്, മൂന്ന് പേർക്ക് പരിക്ക്. ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് അവധി ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ദ്വീപായ ഒലെറണിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പരിക്കേറ്റത്. 30 വയസ് പ്രായം വരുന്ന നാട്ടുകാരനായ ഒരാൾ ഇവർക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. ഇയാളെ വൈദ്യുദാഘാതമേൽപ്പിക്കുന്ന ഉപകരണം വച്ച് നിശ്ചലനാക്കിയാണ് അറസ്റ്റ് ചെയ്തത്. ദ്വീപിലെ രണ്ട് ഗ്രാമങ്ങൾക്കിടയിലെ റോഡിലൂടെയായിരുന്നു യുവാവിന്റെ അതിക്രമം. പെൺകുട്ടി അടക്കമുള്ളവരെയാണ് ഇയാൾ മനപൂർവ്വം ഇടിച്ച് വീഴ്ത്തിയത്.

ആക്രമണത്തിന് ശേഷം ഇയാൾ ഓടിച്ചിരുന്ന കാറിന് തീയിട്ട ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഡോളസ് ഡി ഒലെറോൺ മേയർ തിബോൾട്ട് ബ്രെച്ച്കോഫ് വിശദമാക്കുന്നത്. അക്രമിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറസ്റ്റ് ചെയ്യും മുൻപ് ഇയാൾ ഇസ്ലാം മതപരമായ വാക്യങ്ങൾ ഉപയോഗിച്ചതായുമാണ് പബ്ലിക് പ്രോസിക്യൂട്ടർ വിശദമാക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേസ് തീവ്രവാദ വിരുദ്ധ അധികാരികൾക്ക് കൈമാറണോ എന്ന കാര്യം പ്രോസിക്യൂട്ടർ തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പ്രതികരിക്കുന്നത്. സംഭവത്തിൽ പിടിയിലായ യുവാവിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. 25 മിനിറ്റോളമാണ് അക്രമം നീണ്ടുനിന്നത്. ഫ്രാൻസിലെ മെട്രോ പൊളിറ്റൻ മേഖലയാണ് ഐൽ ഡി ഒലറോൺ. കോർസിക്ക കഴിഞ്ഞാൽ ഫ്രാൻസിലെ രണ്ടാമത്തെ വലിയ ദ്വീപ് കൂടിയാണ് ഇവിടം. പ്രധാനകരയുമായി ഒരു റോഡും പാലവും വഴിയാണ് ഇവിടം ബന്ധിച്ചിരിക്കുന്നത്. ദ്വീപിലെ പല സ്ഥലങ്ങളിലും സമാന രീതിയിലെ നിരവധി സംഭവങ്ങൾ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം