റഷ്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള കംചത്ക ഉപദ്വീപിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഇതിന് പിന്നാലെ അധികൃതർ സമീപ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മോസ്കോ: റഷ്യയുടെ വടക്കു കിഴക്കൻ ഭാഗത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി, 10 കിലോമീറ്റർ ആഴത്തിലാണെന്ന് യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

"നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ഇല്ല. എല്ലാവരും ശാന്തരായിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് അപ്പപ്പോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്"- ഗവർണർ വ്ലാഡിമിർ സോളോഡോവ് അറിയിച്ചു.

റഷ്യൻ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ പ്രാദേശിക വിഭാഗം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയിട്ടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് അഞ്ച് തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. അടുത്തുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യു.എസ്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

പസഫിക് സമുദ്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളെയും ചുറ്റപ്പെട്ടിരിക്കുന്ന 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന ഭൂകമ്പ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ്. ജൂലൈയിൽ, ഈ പ്രദേശത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഒരു തീരദേശ ഗ്രാമത്തിന്റെ ഭാഗം കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു.