ഇസ്താംബുൾ: കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 18 പേർ കൊല്ലപ്പെട്ടു. തലസ്ഥാന ന​ഗരമായ അങ്കാരയിൽനിന്ന് 550 കിലോമീറ്റർ‌ അകലെ എലസി​ഗ് പ്രവിശ്യയിൽ റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങൾ തകർന്ന് വീണുണ്ടായ അപകടത്തിൽപ്പെട്ടാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടമായത്.

എലസി​ഗിൽ 13 പേരും മലട്യയിൽ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഭൂചലനം അനുഭവപ്പെട്ട മേഖലകൾ സന്ദർശിച്ചശേഷം ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കുടങ്ങിക്കിടക്കുന്ന 30 പേർക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിച്ചതായും ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്‌ലു വ്യക്തമാക്കി.

എലസി​ഗിൽ പാതി ഇടിഞ്ഞ് തകർന്ന കെട്ടിടത്തിന് സമീപം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന പൊലീസിന്റെയും എമർജൻസി വർക്കേഴ്സിന്റെയും ദൃശ്യങ്ങൾ തുർക്കിയിലെ ഔദ്യോഗിക വാർത്താ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ജനാലകളും ബാൽക്കണികളും തകർത്താണ് രക്ഷാപ്രവർത്തനങ്ങൾ‌ നടത്തുന്നത്. തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്എഡി) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ ബെഡ്, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

 

അതേസമയം, സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയിലും ഇറാനിലും ബുധനാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടിരുന്നു. സൗദിയിൽ റിക്ടര്‍ സ്‌കൈലില്‍ 3.9 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിലെ തെക്കന്‍ പ്രവിശ്യയില്‍ രാത്രി 11.23നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 5.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. സിറിയയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1999ൽ ഉണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് കൊല്ലപ്പെട്ടത്. ഇസ്താംബൂളിൽനിന്ന് 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ പടിഞ്ഞാറൻ ന​ഗരമായ ഇസ്മിതിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അന്ന് 500,000തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായിരുന്നു. 2011ലും തുർക്കിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എർസിസിലെ വാൻ ന​ഗരത്തിലുണ്ടായ ഭൂചലനത്തിൽ 523 പേരാണ് കൊല്ലപ്പെട്ടത്.