ദില്ലി/ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ. ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. പാകിസ്ഥാനുമായി ആശയവിനിമയം തുടരും. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യക്തമാക്കി. തീർത്തും ശ്രദ്ധാപൂർവമാണ് ഇന്ത്യയുടെ മറുപടി.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരം കഴിഞ്ഞയാഴ്ച ഡപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടിരുന്നതാണ്. 

ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാദവിന്‍റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നൽകണമെന്നുമാണ് അന്താരാഷ്ട്ര കോടതിയുടെ വിധി. എന്നാൽ ഒറ്റത്തവണ മാത്രം കോൺസുലാർ സഹായം പേരിന് നൽകി, ഇത് ലംഘിക്കാനാണ് പാകിസ്ഥാൻ ഒരുങ്ങുന്നത്. മറ്റൊരു രാജ്യത്തെ പൗരനെ പട്ടാളക്കോടതിയിൽ നയതന്ത്രസഹായമില്ലാതെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച് വിയന്ന കരാർ ലംഘിച്ച പാകിസ്ഥാൻ വീണ്ടും അതേ കരാർ ഈ പ്രസ്താവനയിലൂടെ ലംഘിക്കുകയാണ്. 

എന്നാൽ ഒരു തവണ കോൺസുലാർ സഹായം നൽകിയതോടെ അന്താരാഷ്ട്ര കോടതിയുടെ വിധി പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ കോൺസുലാർ സഹായം നൽകാൻ പാകിസ്ഥാന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 

കുൽഭൂഷൺ യാദവിനെ കാണാൻ ഒരു തടസ്സവും ഇല്ലാതെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥനെ അനുവദിച്ചതെന്നും, സ്വന്തം ഭാഷയിൽ സംസാരിക്കാൻ കുൽഭൂഷണെ അനുവദിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്ഥാൻ വിശദീകരിച്ചിരുന്നു. അതേസമയം സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാൻ വ്യക്തമാക്കി. സംഭാഷണം റെക്കോർഡ് ചെയ്യുമെന്നതുൾപ്പടെയുള്ള ഉപാധികൾ സമ്മതമല്ലെന്ന് ആദ്യം ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഉപാധികളോടെ മാത്രമേ കുൽഭൂഷണെ ഇന്ത്യൻ ഉദ്യോഗസ്ഥൻ കാണാവൂ എന്ന കടുത്ത നിലപാടിലായിരുന്നു പാകിസ്ഥാൻ. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് മേൽ പാകിസ്ഥാന്‍റെ കടുത്ത സമ്മർദ്ദമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍റെ കള്ളക്കഥ തത്തയെപ്പോലെ ഏറ്റുപറയാൻ കടുത്ത സമ്മർദ്ദമാണ് കുൽഭൂഷണ് മേൽ ചുമത്തുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ട‌് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുൽഭൂഷന്‍റെ അമ്മയോട് സംസാരിച്ചെന്നും വിശദാംശങ്ങൾ ധരിപ്പിച്ചെന്നും ഇന്ത്യയുടെ പ്രസ്താവനയിലുണ്ട്. 

കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: 

ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഇസ്ലാമാബാദിൽ വച്ച് കുൽഭൂഷൺ ജാദവിനെ കണ്ടു. 2019 ജൂലൈ 17-ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാൻ വിയന്ന കരാറിന്‍റെ ലംഘനമാണ് നടത്തുന്നതെന്ന് ബോധ്യപ്പെട്ട കോടതി ഉടനടി കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. 

1. വിശദമായ റിപ്പോർട്ട് ഇസ്ലാമാബാദിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുകയാണ്. ജാദവ് കടുത്ത സമ്മർദ്ദത്തിലാണെന്നത് വ്യക്തമാണ്. പാകിസ്ഥാന്‍റെ കള്ളക്കഥ ജാദവിനെക്കൊണ്ട് പറയിക്കാൻ അവർ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ്. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിശദമായ വിവരങ്ങൾ പുറത്തുവിടും. 

2. ഇന്ന് കുൽഭൂഷണ് നയതന്ത്രസഹായം നൽകാനുള്ള പാകിസ്ഥാൻ നടപടി അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി പാലിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. ജാദവിനെ പാകിസ്ഥാൻ കുറ്റക്കാരനെന്ന് വിധിച്ചത് തീർത്തും അന്യായമായ ജുഡിഷ്യൽ പ്രക്രിയയിലൂടെയായിരുന്നു. 

3. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുൽഭൂഷന്‍റെ അമ്മയോട് സംസാരിച്ചു. വിശദാംശങ്ങൾ ധരിപ്പിച്ചു.

4. ജാദവിന് നീതി ലഭിക്കാനും സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.