സ്റ്റോക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. അയൽ രാജ്യമായ എറിത്രിയയുമായി ഉണ്ടായിരുന്ന സംഘർഷം പരിഹരിച്ചതിനാണ് പുരസ്കാരം. 20 വർഷത്തെ വൈരം അവസാനിപ്പിച്ചാണ് അബി അഹമ്മദ് എറിത്രിയയുമായി അലി സമാധാന കരാർ ഒപ്പിട്ടത്.

സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ ആബി അഹമ്മദ് അലി നടത്തിയ പരിശ്രമങ്ങള്‍ക്കും അതില്‍ തന്നെ അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങള്‍ കണക്കിലെടുത്തുമാണ് പുരസ്‌കാരം എന്നാണ് ജൂറി വിലയിരുത്തിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം.

കഴിഞ്ഞ ദിവസങ്ങളില്‍ രസതന്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം എന്നിവയ്ക്കുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. ജോൺ ബി ​ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്. ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് മൂന്ന് പേരും നൊബേലിന് അര്‍ഹരായത്.

Read More: രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞർക്കാണ് പുരസ്‍കാരം ലഭിച്ചത്. ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്‍തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്.

Read More: 2019 ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാര്‍ക്ക്

ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമായ പീറ്റര്‍ ഹാന്‍ഡ്‍കെ, പഠനകാലത്തു തന്നെ എഴുത്തുകാരനായി പ്രശസ്തനായ വ്യക്തിയാണ്. ദ ഗോളീസ് ആങ്സൈറ്റി അറ്റ് ദി പെനാല്‍റ്റി ക്ലിക്, സ്ലോ ഹോം കമിങ് എന്നിവയാണ് പ്രധാന രചനകള്‍.

Read More: സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും ഓള്‍ഗ തൊകോര്‍സുകിനും പുരസ്കാരം