എല്‍ടിടിഇക്കെതിരെ പോരാടിയതിന് സമാനമായി ഭീകരവാദത്തിനെതിരെയും പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന. ഏതെങ്കിലും വീടുകളില്‍ അജ്ഞാതര്‍ താമസിക്കുണ്ടോ എന്ന് കണ്ടെത്തണം. എല്‍ടിടിഇക്കെതിരെ പോരാടിയതിന് സമാനമായി ഭീകരവാദത്തിനെതിരെയും പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസുമായുള്ള ബന്ധമുള്ള 140 പേരെ ശ്രീലങ്കന്‍ പൊലീസ് തെരയുന്നുണ്ട്. 

ആക്രമണ മുന്നറിയിപ്പ് ഇന്ത്യയിലെ ഇന്‍റലിജന്‍റ്സ് വിഭാഗം നല്‍കിയിട്ടും അവഗണിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. അതേസയമം, ആക്രമണത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച സുരക്ഷ സന്നാഹത്തോടെയായിരുന്നു മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്കാരം. മരിച്ചവരുടെ എണ്ണം അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 359 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

അതിനിടെ നെഗോംബോയില്‍ അഹ്മദി മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരവധി അഹ്മദി വിഭാഗം കുടുംബങ്ങള്‍ പ്രദേശം വിട്ടു. നെഗോംബോയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ പൊലീസ് സുരക്ഷയിലാണ് പലരും ജീവിക്കുന്നത്. നെഗോംബോയിലെ അഹ്മദി പള്ളിയില്‍ അഭയം തേടിയവര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കി. ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ പോകരുതെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.