ഹമീദ് ലുങ്കി ധരിച്ചാണ് തായ്‌ലൻഡിലേക്ക് പോയതെന്ന് ബംഗ്ലാദേശ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ചികിത്സയ്ക്കായാണ് ഹമീദ് പോയതെന്ന് കുടുംബം പറഞ്ഞു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും അവാമി ലീഗ് നേതാവുമായ മുഹമ്മദ് അബ്ദുൾ ഹമീദ് കഴിഞ്ഞ ദിവസം പുലർച്ചെ തായ്‌ലൻഡിലേക്ക് പലായനം ചെയ്തതിൽ അന്വേഷണവുമായി ബംഗ്ലാദേശ് സർക്കാർ. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിൽ അദ്ദേഹം രാജ്യം വിട്ടത്. 2024-ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരെ സ്വീകരിച്ച നടപടികളുടെ പേരിൽ ഹമീദിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഹമീദിന്റെ പലായനം ബംഗ്ലാദേശ് സർക്കാറിന് നാണക്കേടായി. വെടിവെപ്പിൽ പ്രതിഷേധക്കാർ മരിച്ച സംഭവത്തിലും ഇദ്ദേഹം സഹപ്രതിയാണ്. 81 കാരനായ മുഹമ്മദ് അബ്ദുൾ ഹമീദ് 2013 മുതൽ 2023 വരെ ബംഗ്ലാദേശ് പ്രസിഡന്റായിരുന്നു.
ഹമീദിന്റെ നാടുവിടലപമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. കിഷോർഗഞ്ച് പൊലീസ് സൂപ്രണ്ട്, ഇമിഗ്രേഷൻ പൊലീസിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട്, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഉൾപ്പെടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കേസ് അന്വേഷിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ ഉപദേഷ്ടാവ് പ്രൊഫ. സി.ആർ. അബ്രാറിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചു. പരിസ്ഥിതി ഉപദേഷ്ടാവ് സയ്യിദ റിസ്വാന ഹസൻ, തൊഴിൽ, തൊഴിൽ ഉപദേഷ്ടാവും വിരമിച്ച ബ്രിഗേഡിയർ ജനറലുമായ എം. സഖാവത് ഹൊസൈൻ എന്നിവരാണ് പാനലിലെ അംഗങ്ങൾ. ഹമീദിനെ രാജ്യം വിടാൻ സഹായിച്ചവരെയും സഹകരിച്ചവരെയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാജിവയ്ക്കുമെന്ന് ആഭ്യന്തര ഉപദേഷ്ടാവ് മുഹമ്മദ് ജഹാംഗീർ ആലം ചൗധരി പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം അവാമി ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചതിന് ശേഷമാണ് ഹമീദ് രാജ്യം വിട്ടത്.
ഹമീദ് ലുങ്കി ധരിച്ചാണ് തായ്‌ലൻഡിലേക്ക് പോയതെന്ന് ബംഗ്ലാദേശ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ചികിത്സയ്ക്കായാണ് ഹമീദ് പോയതെന്ന് കുടുംബം പറഞ്ഞു. ബംഗ്ലാദേശിൽ വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഒളിച്ചോടിയതാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചിരുന്നു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നും വ്യക്തമാക്കി.


