സാന്‍ഫ്രാന്‍സിസ്കോ: മെന്‍ലോ ക്യാമ്പസില്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതാണെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മരണം ആത്മഹത്യയാണെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് ജീവനക്കാരനായ ക്വിന്‍ ചെന്‍ എന്ന 38-കാരനാണ് ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

സെപ്തംബര്‍ 19 നായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ച മെന്‍ലോ പാര്‍ക്ക് ആസ്ഥാനത്ത് ജീവനക്കാരന്‍ ക്വിന്‍ ചെന്‍ ആത്മഹത്യ ചെയ്തതില്‍ വളരെയധികം ദുഖിതരാണെന്നും ക്വിന്‍ ചെന്നിന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ സമയം നിലകൊള്ളാന്‍  കഴിയുന്നതൊക്കെ ചെയ്യുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. 

ഫേസ്ബുക്ക് ഓഫീസിലെ മോശമായ തൊഴില്‍ സാഹചര്യമാണ് ക്വിന്‍ ചെന്നിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. 'ജസ്റ്റിസ് ഫോര്‍ ക്വിന്‍' എന്ന പേരില്‍  ഒരു കൂട്ടം ആളുകള്‍ ട്വിറ്റര്‍ വഴി സംഘടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രതിഷേധ പ്രകടനത്തിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഔട്ട്‍ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിലെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമോ എന്ന കാര്യത്തില്‍ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.