'ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈൽ ആക്രമണം', പിന്നിൽ ഐഡിഎഫ് അല്ലെന്ന് ഇസ്രയേൽ
ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പിൽ വിശദീകരിച്ചുന്നു.
ഇസ്ലാമിക് ജിഹാദികൾ ഇസ്രയേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രായേൽ സൈനിക വക്താവും അറിയിച്ചു അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗാസയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു.
മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.
ബൈഡൻ ഇസ്രയേലിലേക്ക്
അതേസമയം, പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ, ജോർദൻ സന്ദർശനത്തിനായി വാഷിംഗ്ടണിൽ നിന്ന് തിരിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതൽ രൂക്ഷമായ സാഹചര്യത്തിലും, ഇസ്രയേൽ സന്ദർശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര. ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് ഇസ്രയേൽ സന്ദർശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡൻ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്ച്ച നടത്തും.