ആംസ്റ്റർഡാം: വിമാനത്താവളത്തെ ഭീതിയിലാഴ്ത്തി അപായമണി. ആംസ്റ്റർഡാമിലെ മുഖ്യ വിമാനത്താവളത്തിലാണ് സംഭവം. വിമാന റാഞ്ചൽ സൂചിപ്പിക്കുന്ന അലാമാണ് അബദ്ധത്തിൽ  മുഴങ്ങിയത്. ഇതോടെ പൊലീസ് എത്തി വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു.

ബുധനാഴ്ച വൈകിട്ട് മഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയർ യൂറോപ യുഎക്‌സ് 1094 വിമാനത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. അപായമണി മുഴങ്ങിയതോടെ ടെർമിനലുകൾ അടച്ചു. യാത്രക്കാരെ ഒഴിപ്പിക്കുകയും ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു. 

എന്നാൽ അബദ്ധത്തിൽ അലാം മുഴങ്ങിയതാണെന്ന് വ്യക്തമായതോടെ അടച്ച വിമാനത്താവളം വീണ്ടും തുറന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എയർ യൂറോപ അധികൃതർ അറിയിച്ചതോടെ ആളുകളും ശാന്തരായി. സംഭവത്തിന് പിന്നാലെ നിരവധി വിമാനങ്ങൾ വൈകിയാണ് ഓടിയത്.