ടെക്‌സാസ്: തലച്ചോർ തിന്നുന്ന അമീബ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് നാളുകളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പത്തുവയസുകാരി മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ സെപ്‌തംബർ രണ്ടിന് അമേരിക്കയിലെ തൊഴിലാളി ദിന അവധി ആഘോഷിക്കാൻ പുഴയിലിറങ്ങിയപ്പോഴാണ് ലിലിയുടെ ശരീരത്തിൽ അമീബ പ്രവേശിച്ചത്.

തലച്ചോർ തിന്നുന്ന അമീബയായ നെയ്ഗ്ലേറിയ ഫൗലേറിയാണ് ലിലി അവന്റിനെ പിടികൂടിയത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ കഠിനപരിശ്രമത്തിലായിരുന്നു ആശുപത്രി അധികൃതർ. ഇതിനായി തലച്ചോർ കോമ അവസ്ഥയിലേക്ക് മാറ്റിയ ശേഷം ചികിത്സ നടത്തുകയായിരുന്നു. ലിലിക്ക് വേണ്ടി പ്രാർത്ഥനയോടെ നാളുകളെണ്ണി കഴിയുകയായിരുന്നു ടെക്സാസ് നഗരം. ഇന്നല്ലെങ്കിൽ നാളെ ലിലി അമീബയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ കൂടിയാണ് ഇതോടെ അസ്ഥമിച്ചത്.

സെപ്തംബർ രണ്ടിന് തൊഴിലാളി ദിന അവധിക്ക് വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെൺകുട്ടിയുടെ ശരീരത്തിൽ കയറിയതെന്നാണ് കുടുംബം കരുതുന്നത്. സെപ്തംബർ എട്ടിന് രാത്രി തലവേദനയോടെയാണ് അസുഖം ആരംഭിച്ചത്. പിന്നീട് കടുത്ത പനിയായി. സ്കൂളിൽ നിരവധി പേർക്ക് പനിയുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതരും ഇത് വൈറൽ പനിയാകുമെന്നാണ് കരുതിയത്. പനിക്കുള്ള മരുന്ന് നൽകി പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. 

എന്നാൽ പിന്നീട് അസുഖം മൂർച്ഛിച്ചു. പാതി ബോധത്തിൽ പെൺകുട്ടി പരസ്പര ബന്ധമില്ലാതെ സംസാരിക്കാൻ തുടങ്ങി. ഇതോടെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഈ സമയത്ത് പെൺകുട്ടി കണ്ണ് തുറന്നിരുന്നെങ്കിലും ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. തലച്ചോർ തിന്നുന്ന അമീബ ശരീരത്തിൽ കടന്നിരിക്കുന്നുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ അമീബ ശരീരത്തിൽ കടന്ന്, രോഗലക്ഷണങ്ങൾ പുറത്തുവന്നാൽ പിന്നീട് പരമാവധി 18 ദിവസമാണ് വ്യക്തിക്ക് ആയുസുണ്ടാവുക. ലിലി പത്താം ദിവസം മരണത്തിന് കീഴടങ്ങി. പ്രൈമറി അമീബിക് മെനിംഗോ എൻസഫലൈറ്റിസ് എന്നാണ് ഈ അസുഖത്തിന്റെ പേര്. ഈ അമീബയുടെ പിടിയിലകപ്പെട്ട അഞ്ച് പേരെ മാത്രമേ ഇതുവരെ രക്ഷിക്കാൻ സാധിച്ചിട്ടുള്ളൂ.