ഹന്ദാല ടീമിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 10 മില്യന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചതായി എഫ്ബിഐ വക്താവായ ബെന്‍ വില്യംസണ്‍ അറിയിച്ചു.
വാഷിംഗ്ടണ്‍: യുഎസ് ആഭ്യന്തര സുരക്ഷാ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയരക്ടര്‍ ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിന്റെ സ്വകാര്യ ഇ മെയിലുകളും ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഇറാനില്‍നിന്നുള്ള ഒരു സൈബര്‍ സംഘമാണ് കാഷ് പട്ടേലിന്റെ ജി മെയില്‍ അക്കൗണ്ടില്‍ കടന്നുകയറി ഇ മെയിലുകളും ഫോട്ടോകളും പുറത്തുവിട്ടത്.
പട്ടേലിന്റെ മെയിലിലെ വിവരങ്ങള്‍ ഇറാനുമായി ബന്ധമുള്ള ഹന്ദാല ടീം എന്ന വെബ്‌സൈറ്റിലാണ് പോസ്റ്റ് ചെയ്തത്. ഇറാന്‍ ഹാക്കര്‍മാരാണ് ഇതിന്റെ നടത്തിപ്പ് എങ്കിലും റഷ്യയിലാണ് ഈ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തതെന്നാണ് വിവരം. അമേരിക്കന്‍ ഉദ്യോഗസ്ഥരെയും നേതാക്കളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ ഹാക്കര്‍ സംഘത്തെക്കുറിച്ച് നേരത്തെ തന്നെ എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹന്ദാല ടീമിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 10 മില്യന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചതായി എഫ്ബിഐ വക്താവായ ബെന്‍ വില്യംസണ്‍ അറിയിച്ചു.
പട്ടേല്‍ എഫ്ബിഐ മേധാവിയാകുന്നതിന് മുന്‍പുള്ള കാലയളവിലെ വിവരങ്ങളാണ് ഈ സൈബര്‍ സംഘം പുറത്തുവിട്ടത്. തന്റെ സ്വകാര്യ ഇമെയിലുകള്‍ ചോര്‍ത്തപ്പെട്ടതായി കാഷ് പട്ടേല്‍ സമ്മതിച്ചു. എന്നാല്‍, എപ്പോഴാണ് ഈ സുരക്ഷാവീഴ്ച സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പട്ടേലിന്റെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ടിനെതിരെ സൈബര്‍ ആക്രമണം നടന്നതായി എഫ്ബിഐയും സ്ഥിരീകരിച്ചു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി എഫ്ബിഐ അറിയിച്ചു. പുറത്തുവന്ന വിവരങ്ങള്‍ പഴയതാണെന്നും ഔദ്യോഗിക വിവരങ്ങളൊന്നും അതിലില്ലെന്നും എഫ് ബി ഐ വക്താവ് അറിയിച്ചു.
ഹാക്കിംഗ് സംഘത്തിന്റെ വെബ്സൈറ്റില്‍ പട്ടേലിന്റെ ജിമെയില്‍ അക്കൗണ്ടില്‍ നിന്നുള്ള 300-ലധികം മെയിലുകളാണ് പ്രസിദ്ധീകരിച്ചത്. 2010 ഫെബ്രുവരിയിലേതാണ് ഇതില്‍ ഏറ്റവും പഴയ മെയില്‍. ഏറ്റവും പുതിയത് 2022 ഫെബ്രുവരിയിലേതാണ്. 2010 മുതല്‍ 2014 വരെ കാലയളവിലേതാണ് ഭൂരിഭാഗം ഫയലുകളും. അക്കാലത്ത് മിയാമിയില്‍ ഫെഡറല്‍ പബ്ലിക് ഡിഫന്‍ഡറായിരുന്നു കാഷ് പട്ടേല്‍. യുഎസ് നീതിന്യായ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സെക്യൂരിറ്റി ഡിവിഷനില്‍ ജോലിക്ക് അപേക്ഷിച്ച ശേഷം ആ സമയത്താണ് പട്ടേല്‍ വാഷിംഗ്ടണിലേക്ക് താമസം മാറിയത്. ജോലി അപേക്ഷാ രേഖകളും വാഷിംഗ്ടണിലെ ആളുകളെ പരിചയപ്പെടുത്താന്‍ സുഹൃത്തുക്കള്‍ അയച്ച മെയിലുകളും വെബ്‌സൈറ്റില്‍ കാണാം. 2013-ല്‍ പട്ടേല്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിലെ ഫോട്ടോകളും പുറത്തയിട്ടുണ്ട്. പട്ടേലിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് എഫ് ബി ഐ നിഗമനം. ആദ്യഘട്ടത്തില്‍ പുറത്തുവിടാത്ത ചിത്രങ്ങള്‍ പ്രധാന വെബ്സൈറ്റിലുണ്ട്. 2016-ലെ അദ്ദേഹത്തിന്റെ ബയോഡാറ്റയുടെ കോപ്പി, സി.ഐ.എയില്‍ നിന്ന് ലഭിച്ച, രഹസ്യസ്വഭാവമുള്ള ഒരു പുരസ്‌കാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടുണ്ട്.
ഹന്ദാല വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് റഷ്യയിലുള്ള ഒരു സെര്‍വര്‍ വഴിയാണെന്നാണ് യു എസ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. വെബ്സൈറ്റിന്റെ ഡൊമെയ്ന്‍ മാര്‍ച്ച് 19-ന് രജിസ്റ്റര്‍ ചെയ്തത് 'കിംഗ്ഡം ഓഫ് ടോംഗ' എന്ന സ്ഥാപനമാണ്.


