ബാഗ്‍ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും 'അജ്ഞാത' റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിൽ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിലാണ് (Green Zone) അഞ്ച് റോക്കറ്റുകൾ പതിച്ചത്. അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്ത് തന്നെയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോ‍ർട്ട് ചെയ്യുന്നു.

ആക്രമണത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

ഇറാനി സൈനിക ജനറലും ഖുദ്‍സ് ഫോഴ്സ് തലവനുമായ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയിൽ നടക്കുന്നത്. 

ബാഗ്‍ദാദിലെ ഈ അതീവസുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടുമില്ല. പക്ഷേ, സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള എംബസി മേഖലയിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ നിന്ന് ഉദ്യോഗസ്ഥരെയെല്ലാം അമേരിക്ക ഒഴിപ്പിച്ച് കഴിഞ്ഞു.

മധ്യബാഗ്‍ദാദിൽ 2003-ൽ അമേരിക്ക ആക്രമണം നടത്തി സഖ്യസേന പിടിച്ചടക്കിയ ശേഷം എംബസികളടക്കം രൂപീകരിക്കാനായി നിർമിച്ച അതീവസുരക്ഷാമേഖലയാണ് ഗ്രീൻ സോൺ എന്നറിയപ്പെടുന്ന ഇവിടം. ഇറാഖിൽ മറ്റെവിടേക്കാളും സുരക്ഷിതമായ ഇടമാണിതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലയിൽ നടക്കുന്നത് തുടർച്ചയായ ആക്രമണങ്ങളാണ്. 

ആക്രമണം നടത്തുന്ന ഈ 'അജ്ഞാതർ' ആര്?

ഇപ്പോഴും ഇറാന്‍റെ നിഴൽപ്പോരാളികളായ ഗ്രൂപ്പുകൾ മേഖലയിൽ ഭീഷണി തന്നെയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. യുദ്ധത്തിലേക്ക് പോകേണ്ടതില്ലെന്ന് ഇറാൻ തീരുമാനിച്ചാൽ പോലും, ഇറാൻ സഹായിക്കുന്ന സൈനികഗ്രൂപ്പുകളുടെ പലതിന്‍റെയും തലവൻമാർ അതനുസരിയ്ക്കണമെന്നില്ല.

ഇറാഖിലും ലെബനനിലുമടക്കം ഇത്തരം സൈനികഗ്രൂപ്പുകളെ ഒന്നിച്ച് നിർത്തിയിരുന്നതും നിയന്ത്രിച്ചിരുന്നതും അമേരിക്ക വധിച്ച മേജർ ജനറൽ കാസിം സൊലേമാനിയാണ്. സൊലേമാനിയുമായി അടുത്ത ബന്ധമുള്ള ഈ സൈനികഗ്രൂപ്പുകൾ തിരിച്ചടിക്ക് തക്കം പാർത്തിരിക്കും. സൊലേമാനിക്ക് ശേഷം ഖുദ്‍സ് ഫോഴ്സിന്‍റെ തലവനായ ഇസ്മായിൽ ഖ്വാനിക്ക് എത്രത്തോളം ഇവരെ നിയന്ത്രിക്കാനാകും എന്നതിലും വ്യക്തതയില്ല. 

സൊലേമാനിയ്ക്ക് പുറമേ, ഇറാഖി കമാൻഡർ അബു മഹ്ദി അൽ മുഹാന്ദിസ് അടക്കം അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിൽ ഇറാൻ സൈന്യത്തോട് അനുഭാവം പുലർത്തുന്ന സൈനിക ഗ്രൂപ്പായ ഹഷെദ് അൽ-ഷാബിയുടെ ഡെപ്യൂട്ടിയായിരുന്നു ജനറൽ മുഹാന്ദിസ്. 

ആക്രമണത്തിൽ ഇറാനൊപ്പം ഹഷെദ് ഗ്രൂപ്പും തിരികെ ആക്രമണം നടത്തുമെന്നും തലവൻമാരിലൊരാളുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്. ഹഷെദ് അർദ്ധസൈനികവിഭാഗത്തിന്‍റെ തലവൻ ഖ്വായിസ് അൽ ഖസലി ''ഇറാന്‍റെ തിരിച്ചടിയേക്കാൾ ഒട്ടും കുറയില്ല ഹഷെദിന്‍റെ ആക്രമണം'', എന്നാണ് പ്രഖ്യാപിച്ചത്. അമേരിക്ക തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് ഖസലി.

ഹറാകാത് അൽ-നുജാബ എന്ന തീവ്ര ഹഷെദ് ഗ്രൂപ്പാകട്ടെ, മുഹാന്ദിസിന്‍റെ കൊലപാതകത്തിന് കടുത്ത മറുപടി നൽകുമെന്നാണ് പ്രഖ്യാപിച്ചത്. അതായത് തുടർച്ചയായി നടക്കുന്ന റോക്കറ്റാക്രമണങ്ങൾ, ഇറാൻ സൈന്യം നേരിട്ടാണോ, അതോ ഹഷെദ് ഗ്രൂപ്പാണോ നടത്തുന്നതെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നർത്ഥം.