അമേരിക്ക-ഇറാൻ സമാധാന ധാരണകൾക്കിടെ, ഹോർമൂസ് കടലിടുക്കിൽ ഒരു വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇറാൻ നൽകിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന

ടെഹ്റാൻ: അമേരിക്ക - ഇറാൻ സമാധാന ധാരണക്ക് പിന്നാലെ തുറന്ന ഹോർമൂസ് കടലിടുക്കിൽ കപ്പൽ അപകടം. ഇറാൻ നൽകിയ റൂട്ട് അവഗണിച്ച് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾ നൽകിയ റൂട്ട് അവഗണിച്ച വിദേശ കപ്പൽ ഹോ‍ർമൂസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഇറാൻ പറയുന്നത്. ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും, അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ വിവരിച്ചു. അതിനിടെ അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതും ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശദവിവരങ്ങൾ

അവകാശ വാദങ്ങൾക്കപ്പുറം അമേരിക്ക - ഇറാൻ ചർച്ചകൾ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നിൽക്കുവന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ ഇന്ന് വിവരിക്കുകയായിരുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക എളുപ്പമല്ല. അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാൽ ഹോർമൂസിൽ തങ്ങൾ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടൽ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി. ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മി।ൽ നേരിട്ടുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. സാങ്കേതിക വിഷയങ്ങളിൽ മാത്രമാണ് പക്ഷേ ചർച്ചകൾ നടക്കുന്നത്. അതായത്, പരസ്പര ധാരണകൾ പാലിച്ച് ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ തടസങ്ങളുണ്ടെന്ന് ചുരുക്കം. ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകൾ, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളിൽ 1200 കോടി ഡോളർ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തരത്തിൽ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാന്റെ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല നൽകുന്നത് എന്ന് ഇക്കാര്യത്തിൽ ഖത്തർ വ്യക്തത വരുത്തി. ഖത്തർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്നും ഖത്തർ വിദേശകാര്യ വക്താവ് വിവരിച്ചു.