നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ ഏജന്‍സി, ഇമ്രാൻ ഖാന്റെ ഭാര്യയും അഴിമതിക്കേസിൽ ജയിലിലായേക്കും
ബുഷ്റ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചില നിർണായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് സൂചന

കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി അഴിമതിക്കേസിൽ ജയിലിലായേക്കുമെന്ന് റിപ്പോർട്ട്. ബുഷ്റ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചില നിർണായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് സൂചന. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. നാളെ നേരിട്ട് ഹാജരാകാൻ ബീബിയ്ക്കും സഹായി ഫറ ഷഹ്സാദിക്കും എൻഎബി നിർദേശം നൽകി. വിവരങ്ങൾ സ്ഥിരീകരിച്ചാൽ ഇമ്രാന്റെ വിധി തന്നെയാകും ബുഷ്റയെയും കാത്തിരിക്കുന്നത്.
പുതിയതായി ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വിശദമാക്കുന്ന തെളിവുകള്‍ സാക്ഷി സ്ഥാനത്ത് നിന്ന് പ്രതി സ്ഥാനത്തേക്ക് ബുഷ്റയെ മാറ്റുന്നതാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 49കാരിയായ ബുഷ്റയ്ക്കെതിരെ കുരുക്ക് മുറുകുന്നത്. ഓഗസ്റ്റ് മാസത്തിലാണ് പിടിഐ പാർട്ടി ചെയർമാനും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാൻ അറസ്റ്റിലാവുന്നത്. 2018 മുതൽ 22 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ പാരിതോഷികങ്ങൾ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.
പ്രധാനമന്ത്രിയായിരിക്കുമ്പോൾ കിട്ടിയ വിലയേറിയ സമ്മാനങ്ങൾ പൊതുഖജാനാവിൽ എൽപിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയിൽ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം. തോഷഖാന അഴിമതി കേസിലെ ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ നിലവിൽ തടവിൽ കഴിയുന്നത് കൊണ്ട് ഇമ്രാന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവുമായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം