ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മകന്‍ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ് പാര്‍ട്ടി നേതാവ് ഷെഹബാസ് ഷെരീഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഗിലാനിക്ക് രോഗം സ്ഥിരീകരിച്ചത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഷെഹബാസ് ഷെരീഫിനും കൊവിഡ് സ്ഥിരീകരിച്ചത്.

തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി രേഖപ്പെടുത്തുന്നതായി മകന്‍ കാസിം ഗിലാനി പരിഹസിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് ആരോപണം. മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.