'ശത്രുക്കള്‍ വന്നാല്‍, അപ്പോള്‍ ഉപയോഗിക്കാം...'എന്ന് തമാശ പറഞ്ഞാണ്, ബെലാറസ് പ്രസിഡന്റ് കിമ്മിന് തോക്ക് സമ്മാനിച്ചത്. ഇതിനു പകരമായി കിം ബെലാറസ് പ്രസിഡന്റിന് രത്‌നങ്ങള്‍ പതിപ്പിച്ച ഒരു ഉടവാള്‍ സമ്മാനിച്ചു. 

പ്യോങ്യാങ് (ഉത്തരകൊറിയ): ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് കഴിഞ്ഞ ദിവസം ഒരു സമ്മാനം കിട്ടി. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുള്ള ഒരു റൈഫിള്‍. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയാണ് ഈ തോക്ക് കിമ്മിന് സമ്മാനിച്ചത്. 'ശത്രുക്കള്‍ വന്നാല്‍, അപ്പോള്‍ ഉപയോഗിക്കാം...'എന്ന് തമാശ പറഞ്ഞാണ്, ബെലാറസ് പ്രസിഡന്റ് കിമ്മിന് തോക്ക് സമ്മാനിച്ചത്. ഇതിനു പകരമായി കിം ബെലാറസ് പ്രസിഡന്റിന് രത്‌നങ്ങള്‍ പതിപ്പിച്ച ഒരു ഉടവാള്‍ സമ്മാനിച്ചു. ഒപ്പം, ബെലാറസ് പ്രസിഡന്റ് ലുകാഷെങ്കോയുടെ ചിത്രം കൊത്തിയ മനോഹരമായ ഒരു പൂപ്പാത്രവും സ്വര്‍ണ്ണംകൊണ്ടു തീര്‍ത്ത ഉപഹാരവും ആയുധങ്ങളും.

Add Asianetnews as a Preferred SourcegooglePreferred

ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചക്കിടയിലാണ് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ കിമ്മിന് ഈ സമ്മാനം നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയില്‍ ഒപ്പിടുന്ന വേളയിലാണ് സമ്മാനം കൈമാറിത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ശക്തമായി പിന്തുണയ്ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഉത്തരകൊറിയയും ബെലാറസും. ഇതിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉത്തര കൊറിയയ്ക്കും ബെലാറസിനും എതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണവായുധ പദ്ധതിയുടെ പേരില്‍ ഉത്തര കൊറിയക്കെതിരെ പ്രത്യേക ഉപരോധങ്ങളും നിലവിലുണ്ട്. അതിനിടയിലാണ്, ഇരുവരും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. കഠിനാധ്വാനികളും അച്ചടക്കമുള്ളവരുമായ ജനതയ്‌ക്കൊപ്പം ഉത്തരകൊറിയയെ കാത്തിരിക്കുന്നത് മഹത്തായ ഭാവിയാണെന്ന് ചടങ്ങിനിടെ ലുകാഷെങ്കോ കിമ്മിനോട് പറഞ്ഞു. അധികാരശക്തികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇക്കാലത്ത് പരമാധികാരം സംരക്ഷിക്കുന്നതിനും പൗരന്മാരുടെ ക്ഷേമത്തിനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ മെച്ചപ്പെടുത്താന്‍ ഈ ഉടമ്പടി സഹായിക്കുമെന്ന് കിം ജോങ് ഉന്‍ മറുപടി പറഞ്ഞു.

കൃഷി, വിവരസാങ്കേതികവിദ്യ, പൊതുജനാരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.