പരമോന്നത നേതാവ് അലി ഖമേനിയെ പരാമർശിച്ച് “സ്വേച്ഛാധിപതിക്ക് മരണം” എന്ന് ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്

ടെഹ്റാൻ: ഇറാൻ സ്റ്റേറ്റ് ടിവി (Iran State TV) സ്ട്രീമിം​ഗ് വെബ്സൈറ്റിനെ ഹാക്ക് (Hack) ചെയ്ത് സ‍ർക്കാ‍ർ വിരുദ്ധ മുദ്രാവാക്യം (Anti State Slogan) ഉൾക്കൊള്ളുന്ന വീഡിയോ പോസ്റ്റ് ചെയ്തു. ഇതു സംബന്ധിച്ച് വാ‍ർത്തകൾ പുറത്തുവരുന്നതിനിടെ സൈറ്റ് പ്രവ‍ർത്തിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് അധികൃത‍ർ അറിയിച്ചു. ചൊവ്വാഴ്ചയാണ് "ദി ജസ്റ്റിസ് ഓഫ് അലി" (The Justice of Ali) എന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കാ‍‌ർ സംഘം സൈറ്റ് പിടിച്ചെടുത്തത്. 

പരമോന്നത നേതാവ് അലി ഖമേനിയെ പരാമർശിച്ച് “സ്വേച്ഛാധിപതിക്ക് മരണം” എന്ന് ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അത് വി ഫോർ വെൻഡെറ്റ എന്ന സിനിമയിലെ നായകനുമായി സാമ്യമുള്ള മുഖംമൂടി ധരിച്ച ഒരാളുടെ ക്ലോസപ്പിലേക്ക് കടക്കുന്നു, “ഖമേനി, ഭീതിയാണ്, ഭരണകൂടത്തിന്റെ അടിത്തറ ഇളകുകയാണ്” - എന്നിങ്ങനെ വിളിച്ച് പറയുന്നു. 

തങ്ങൾ രാജ്യത്തെ നിർബന്ധിത ഹിജാബിന് എതിരാണെന്നും ഗ്രൂപ്പ് പ്രഖ്യാപിച്ചു, അതേസമയം ഹിജാബിനെതിരെ ആക്ടിവിസ്റ്റ് മസിഹ് അലിനെജാദ് നടത്തിയ പ്രചാരണത്തിന്റെ പശ്ചാത്തല ദൃശ്യങ്ങൾ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. “ഞങ്ങൾ ഹിജാബുകൾ കത്തിക്കും. ഞങ്ങൾ അവരുടെ ചിത്രങ്ങളും പ്രചാരണ പോസ്റ്ററുകളും കത്തിക്കും" , “ഞങ്ങൾ അവരുടെ വിഗ്രഹങ്ങൾ തകർക്കും. ജനങ്ങൾക്ക് അവരെ ശിക്ഷിക്കുന്നതിന് ഞങ്ങൾ അവരുടെ കൊട്ടാരങ്ങൾ വെളിപ്പെടുത്തും'' - എന്നിങ്ങനെ വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നു. 

കുപ്രസിദ്ധമായ എവിൻ ജയിലിനുള്ളിലെ സുരക്ഷാ ക്യാമറകളിൽ നിന്ന് ലഭിച്ച, അതിക്രൂരമായ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോകൾ 2021 ഓഗസ്റ്റിൽ പുറത്തുവിട്ടതിന് സമാനമായി ഭരണകൂടത്തിന്റെ കൂടുതൽ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുമെന്നും വീഡിയോയിൽ പറയുന്നു. ഈ മാസം ഇറാന്റെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ അനുസ്മരണ ചടങ്ങുകൾ നടക്കാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.