ഹൃദയം തകര്‍ക്കുന്ന ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയ നേരിടുന്ന ദുരന്തത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കാന്‍ പോന്നവയാണ്. ഇതിലൊന്ന് വെന്തുപോയ കങ്കാരു കുഞ്ഞിന്‍റെ അഡിലെയ്ഡ് ഹില്‍സില്‍ നിന്നുള്ള ചിത്രമാണ്.

മെല്‍ബണ്‍: 2019 സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏക്കറുകളക്കിന് കാടും അതിനനുപാതികമായുള്ള ജൈവസമ്പത്തും ഇതിനകം എരിഞ്ഞൊടുങ്ങിക്കഴിഞ്ഞു. നിരവധി മനുഷ്യര്‍ മരിച്ചു. 48 കോടി മൃഗങ്ങളാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്. 900 വീടുകള്‍ നശിച്ചു. ആമസോണ്‍ കാടുകള്‍ കത്തിനശിച്ചപ്പോഴുണ്ടായിരുന്നതിന് സമാനമായി നിരവധി ഹൃദയഭേദകമായ ചിത്രങ്ങളാണ് ദുരന്തമുഖത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

ഹൃദയം തകര്‍ക്കുന്ന ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയ നേരിടുന്ന ദുരന്തത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കാന്‍ പോന്നവയാണ്. ഇതിലൊന്ന് വെന്തുപോയ കങ്കാരു കുഞ്ഞിന്‍റെ അഡിലെയ്ഡ് ഹില്‍സില്‍ നിന്നുള്ള ചിത്രമാണ്. ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും ആകാശം ചുവന്നിരിക്കുകയാണ്. കാട്ടുതീയില്‍ 4000 ഓളം കന്നുകാലികളും ആടുകളും ചത്തതായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. 

View post on Instagram

''എന്‍റെ ചിന്തകള്‍ ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്കും കാട്ടുതീ ബാധിക്കപ്പെട്ടവര്‍ക്കുമൊപ്പമാണ്''- പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിങ്കളാഴ്ച ഓസ്ട്രേലിയയിലെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. സിഡ്നി മുതല്‍ മെല്‍ബണ്‍ വരെയുള്ള സ്ഥലങ്ങളിലും ന്യൂ സൗത്ത് വേല്‍സിലെ ചിലയിടങ്ങളിലുമാണ് മഴ ശക്തമാകുന്നത്. എന്നാല്‍ വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.


വിക്ടോറിയയിലെയും ന്യൂ സൗത്ത് വേല്‍സിലെയും കാട്ടുതീ യോജിച്ച് വന്‍ തീപ്പിടുത്തമുണ്ടാകാനും സാധ്യതയുള്ളതായി അധികൃതരെ ഉദ്ദരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മഴ പെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായി ആശ്വസിക്കാനാവില്ലെന്ന് ന്യൂ സൗത്ത് വേല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയന്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കി വരികയാണെന്ന് പറഞ്ഞ ഗ്ലാഡിസ് മൂടല്‍മഞ്ഞ് മൂലമുള്ള മലിനീകരണം രൂക്ഷമാകുന്നതായും കൂട്ടിച്ചേര്‍ത്തു. കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലേക്ക് ആവശ്യമായ സാധനങ്ങളും വാഹനങ്ങളും എത്തിച്ചതായി ഓസ്ട്രേലിയന്‍ ആര്‍മി ട്വീറ്റ് ചെയ്തു. 

View post on Instagram

കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം കാട്ടതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ ന​ഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാമെന്ന് ഇൻസ്റ്റ​ഗ്രാമിൽ സജീവമായ കെയ്‌ലന്‍ വാര്‍ഡ് എന്ന യുവതി അറിയിച്ചിരുന്നു.