ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലയിലെ ഗ്രാമങ്ങളിൽ വലിയ പാറക്കഷ്ണങ്ങളും മണ്ണും മൂടിയ നിലയിലാണ് ഉള്ളത്

സിയോൾ: 120 വ‍ർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ കൊറിയയിൽ കൊല്ലപ്പെട്ടത് 14 പേർ. മഴക്കെടുതിയിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ദുരന്ത നിവാരണ മാനേജ്മെന്റിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ നൽകുന്നത്. 12ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ഇനിയും അവസാനിച്ചിട്ടില്ല.

റിസോർട്ട് ടൗൺ എന്ന പേരിൽ പ്രശസ്തമായ ഗാപ്യോങിൽ രക്ഷാപ്രവർത്തകരും മണ്ണിടിച്ചിലിൽ കുടുങ്ങിയിട്ടുണ്ട്. ഞായറാഴ്ചയാണ് രക്ഷാ പ്രവ‍ർത്തകർക്ക് തകർന്ന് കിടക്കുന്ന ഒരു പാലത്തിന് അപ്പുറത്തേക്ക് കടക്കാനായത്. ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലയിലെ ഗ്രാമങ്ങളിൽ വലിയ പാറക്കഷ്ണങ്ങളും മണ്ണും മൂടിയ നിലയിലാണ് ഉള്ളത്. ചുങ്‌ചിയോങ് മേഖലയുടെ കേന്ദ്ര ഭാഗത്തും സാരമായി നാശനഷ്ടമുണ്ടായതായാണ് പുറത്ത് വരുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

സാഞ്ചിയോങിൽ മാത്രം ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതായിട്ടുമുണ്ട്. റോഡുകളും കെട്ടിടങ്ങളും പൂർണമായി തകർന്ന നിലയിലും വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിലയിലുമാണ് ഉള്ളത്. വയലുകളിൽ വെള്ളം മൂടിയ നിലയിലാണ് കന്നുകാലികളും വ്യാപകമായി വെള്ളപ്പൊക്കത്തിൽ ചത്തതായാണ് പുറത്ത് വരുന്ന റിപ്പോ‍ർട്ട്. പതിനായിരത്തിലേറെ പേരയാണ് മേഖലയിൽ മാറ്റിപ്പാർപ്പിച്ചത്. ബുധനാഴ്ച അതിശക്തമായ പേമാരി ആരംഭിച്ചത് മുതൽ 41000 വീടുകളിൽ വൈദ്യുതി ബന്ധം താൽക്കാലികമായി നിലച്ച അവസ്ഥയാണ് ഉള്ളത്. ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലകളും മധ്യ മേഖലകളുമാണ് സാരമായ മഴക്കെടുതി നേരിടുന്നത്. ഞായറാഴ്ചയും സിയോളിലും വടക്കൻ മേഖലകളിലും മഴ തുടരുകയാണ്.

വെള്ളപ്പൊക്കം സാരമായി ബാധിച്ച മേഖലകളെ പ്രത്യേക സോണുകളായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണ തരംഗം മേഖലയിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം സിയോസാൻ നഗരത്തിൽ മണിക്കൂറിൽ 114.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് 1904ൽ മഴ കണക്കുകൾ രേഖപ്പെടുത്താൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയ‍ർന്ന മഴയാണ്. വ്യാഴാഴ്ച രാവിലെ സിയോസനിൽ പെയ്ത മഴ വാർഷിക ശരാശരിയുടെ 35 ശതമാനമായ 440 മില്ലിമീറ്റർ മഴയാണ്.

ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഇതുപോലുള്ള തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ രൂക്ഷമാകുന്നുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 2022ലും സമാനമായ രീതിയിലുള്ള രൂക്ഷമായ വെള്ളപ്പൊക്കം ദക്ഷിണ കൊറിയയിൽ സംഭവിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം