അമൃത്‍സര്‍: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിച്ചെന്ന് പരാതി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കറാച്ചിയില്‍ നിന്ന് കണ്ടെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാത്തിയാരി ജില്ലയിലെ ഹലയിലായിരുന്നു 15കാരിയായ പെണ്‍കുട്ടി താമസിച്ചിരുന്നത്. വിവാഹ വേദിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കറാച്ചിയിലെത്തിച്ച് മതംമാറ്റി ഷാരൂഖ് മേമന്‍ എന്നയാളുമായി വിവാഹം കഴിപ്പിച്ചെന്ന് ആള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രവി ദവാനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജനുവരി 15നായിരുന്നു സംഭവം. ഹിന്ദുപഞ്ചായത്തിന്‍റെ സഹായത്തോടെയാണ് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച ഹല കോടതിയില്‍ ഹാജരാക്കി. എന്നാല്‍, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആരോപണമുയര്‍ന്നു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. 

ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിക്കുന്ന മൂന്നാമത്തെ സംഭവമാണ് തുടര്‍ച്ചയായി നടക്കുന്നതെന്ന് ആള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് ആരോപിച്ചു. ജാക്കബബാദ് ജില്ലയില്‍ നിന്ന് മറ്റൊരു 25കാരിയായ ഹിന്ദു യുവതിയെ  തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹം നടത്തിയെന്നും ഇവര്‍ ആരോപിച്ചു. തര്‍പകാര്‍ ജില്ലയിലെ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായതായും ഇവര്‍ ആരോപിച്ചു. 

സംഭവത്തിനെതിരെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്(നവാസ്) രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്തുന്നതാണെന്നും നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹം കഴിപ്പിക്കുന്നത് ആവര്‍ത്തിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.