മന്ത്രിയെ പുറത്താക്കാനുള്ള കാരണം വിശദമാക്കാതെയായിരുന്നു റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ പുറത്താക്കിയുള്ള ക്രെംലിൻ അറിയിപ്പ് എത്തിയത്
മോസ്കോ: റഷ്യയിലെ ഗതാഗത വകുപ്പ് മന്ത്രി വെടിയേറ്റ് മരിച്ച നിലയിൽ. മന്ത്രി സ്ഥാനത്ത് നിന് പുറത്താക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയ അറിയിപ്പ് വന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. മന്ത്രിയെ പുറത്താക്കാനുള്ള കാരണം വിശദമാക്കാതെയായിരുന്നു റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ പുറത്താക്കിയുള്ള ക്രെംലിൻ അറിയിപ്പ് എത്തിയത്.
2024 മെയ് മാസം മുതൽ റഷ്യയിലെ ഗതാഗതമന്ത്രിയാണ് റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റ്. മരണപ്പെട്ട കൃത്യമായ സമയം ഇനിയും ലഭ്യമായിട്ടില്ല. റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റ് അഴിമതി അന്വേഷണം നേരിട്ടിരുന്നതായാണ് റഷ്യൻ മാധ്യമങ്ങൾ നൽകുന്ന സൂചന. റഷ്യയിലെ അതീവ സമ്പന്നർ താമസിക്കുന്ന മേഖലയായ ഒഡിൻസ്റ്റോവോയിലെ പാർക്കിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് 53കാരനായ റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിന് സമ്മാനമായി ലഭിച്ച റിവോൾവർ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വരും മുൻപ് തന്നെ റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റ് ജീവനൊടുക്കിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ ഞായറാഴ്ച രാവിലെയാണ് അവസാനമായി പൊതുവേദിയിൽ കണ്ടത്. നേരത്തെ ഗവർണറായിരുന്ന കുർസ്ക് മേഖലയിലേക്ക് കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചതിലെ അന്വേഷണമാണ് റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റ് നേരിടുന്നതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് റോമൻ വ്‌ളാഡിമിറോവിച്ച് സ്റ്റാരോവോയ്റ്റിനെ പുറത്താക്കുന്നതായി ക്രെംലിനിൽ നിന്നുള്ള അറിയിപ്പ് എത്തിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
