ഒരു ബാരൽ ക്രൂഡ് ഓയിൽ (158.99 ലിറ്റർ) സംസ്കരിക്കുമ്പോൾ ലഭിക്കുന്ന പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ അളവുകൾ ഈ ലേഖനം വിശദീകരിക്കുന്നു. വിവിധ തരം ക്രൂഡ് ഓയിലുകൾ, ഖനനച്ചെലവ്, ഇന്ധന വില നിർണ്ണയം എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം വർധിച്ചതോടെ ഏറെ ചർച്ചയായതാണ് എണ്ണ വിലയും എൽപിജി ലഭ്യതയും. എണ്ണ വില കുത്തനെ ഉയരുകയും എൽപിജി ലഭ്യത കുത്തനെ താഴുകയും ചെയ്തിരുന്നു. എങ്ങനെയാണ് ക്രൂഡ് ഓയിൽ ലഭ്യതയും സംസ്കരണവുമെന്ന് പരിശോധിക്കാം. ഒരു ബാരൽ ക്രൂഡ് ഓയിൽ എന്നാൽ കൃത്യമായി 158.99 ലിറ്റർ വരും. അമേരിക്കൻ കണക്കിൽ സ്റ്റാൻഡേർഡ് ബ്ലൂ ബാരലിൽ 42 ഗാലനാണ് ഉണ്ടാകുക. എന്നാൽ സംസ്കരിക്കുന്നതോടെ അളവ് കൂടും. ഒരുബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കുമ്പോൾ 73 ലിറ്റർ പെട്രോൾ ലഭിക്കും. 40 ലിറ്റർ ഡീസലും 15.5 ലിറ്റർ ജെറ്റ് ഫ്യൂവലും (ATF) ലഭിക്കും. എന്നാൽ, ഒരു ബാരൽ ക്രൂഡ് സംസ്കരിക്കുമ്പോൾ 4 മുതൽ 5 ലിറ്റർ വരെ എൽ.പി.ജി ലഭിക്കും. ഇതിനെ ഭാരത്തിലേക്ക് മാറ്റുമ്പോൾ നാല് കിലോ വരെ ഗ്യാസ് ലഭിക്കും. ലൂബ്രിക്കൻ്റ് മൂന്ന് ലിറ്ററും ബിറ്റുമെൻ (താർ) – 5 ലിറ്ററും ലഭിക്കും. മണ്ണെണ്ണയും വിമാന ഇന്ധനവും (എടിഎഫ്) ഒരേ ഘട്ടത്തിലാണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യം അനുസരിച്ച് ഇവയുടെ ഉൽപാദനത്തിൽ മാറ്റം വരുത്തുന്നു. ക്രൂഡ് ഓയിൽ ചൂടാക്കി വിവിധ താപനിലകളിൽ വേർതിരിക്കുന്ന ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ (Fractional Distillation) എന്ന പ്രക്രിയയിലൂടെയാണ് മണ്ണെണ്ണ ലഭിക്കുന്നത്. 150°C മുതൽ 275°C വരെ താപനിലയിലാണ് മണ്ണെണ്ണ വേർതിരിയുന്നത്. ഇതേ ഘട്ടത്തിലൂടെയാണ് എടിഎഫും വേർതിരിക്കുന്നത്.
ക്രൂഡ് ഓയിൽ തരങ്ങൾ
ലൈറ്റ് ക്രൂഡ് (Light Crude): കട്ടി കുറഞ്ഞ, ഗുണനിലവാരം കൂടിയ ക്രൂഡ് ഓയിലാണ് ലൈറ്റ് ക്രൂഡ്. കട്ടി കുറഞ്ഞതിനാൽ വെള്ളം പോലെ ഒഴുകും. ഇതിൽ നിന്ന് പെട്രോളും ഡീസലും കൂടുതൽ ലഭിക്കും. ഇതിനാണ് വിപണിയിൽ ഡിമാൻഡ് കൂടുതൽ. സൾഫറിന്റെ അളവ് 0.5% ൽ താഴെയാണെങ്കിൽ അതിനെ 'സ്വീറ്റ്' എന്ന് വിളിക്കുന്നു. ഇത് പരിസ്ഥിതിക്ക് കുറഞ്ഞ ദോഷം ചെയ്യുന്നതും എളുപ്പത്തിൽ ശുദ്ധീകരിക്കാവുന്നതുമാണ്. സൾഫർ കൂടുതലുള്ള എണ്ണ (0.5% ൽ കൂടുതൽ) സോർ ക്രൂഡ് എന്ന് അറിയപ്പെടുന്നു. ഇത് ശുദ്ധീകരിക്കാൻ ചിലവ് കൂടുതലാണ്.
മീഡിയം ക്രൂഡ് (Medium Crude): ഇടത്തരം കട്ടിയുള്ള എണ്ണ. റഷ്യന്‍ ക്രൂഡ് ഈ വിഭാഗത്തില്‍പ്പെടുന്നു. സള്‍ഫര്‍ അധികമായതിനാല്‍ ശുദ്ധീകരിക്കാന്‍ ചെലവ് കൂടും. മാലിന്യവും അധികം.
ഹെവി ക്രൂഡ് (Heavy Crude): ഇതിന് കട്ടി കൂടുതലായതിനാൽ ശുദ്ധീകരിക്കാൻ പ്രയാസമാണ്. ഇതിൽ നിന്ന് ടാർ (Asphalt) പോലുള്ള ഉൽപ്പന്നങ്ങളാണ് കൂടുതൽ ലഭിക്കുക. മലിനീകരണ തോത് കൂടുതലായിരിക്കും.
വടക്കൻ കടലിൽ (North Sea) നിന്ന് ലഭിക്കുന്ന ക്രൂഡിനെയാണ് ബ്രെന്റ് ക്രൂഡ് എന്ന് വിളിക്കുക. ഇത് ലൈറ്റ്-സ്വീറ്റ് വിഭാഗത്തിൽപ്പെടുന്നു. ലോകത്തിലെ 60% എണ്ണവിലയും ബ്രെന്റ് ക്രൂഡിനെ അടിസ്ഥാനപ്പെടുത്തിയതാണ് നിർണയിക്കുക. അമേരിക്കയിൽ നിന്നുള്ള എണ്ണയാണ് ഡബ്ല്യു.ടി.ഐ (WTI - West Texas Intermediate). ഇത് ബ്രെന്റിനേക്കാളും ഗുണനിലവാരമുള്ള (കൂടുതൽ ലൈറ്റ് & സ്വീറ്റ്) എണ്ണയാണ്. സൗദി, യുഎഇ, ദുബായ്/ഒമാൻ ക്രൂഡ് ഈ വിഭാഗത്തില്‍പ്പെടുന്നു.
എണ്ണ ശുദ്ധീകരണത്തിനുള്ള ചെലവും കമ്പനികളുടെ ലാഭവും
ഭൂമിയുടെ ഘടന അനുസരിച്ചാണ് എണ്ണ ഖനനത്തിന്റെ ചെലവ്. സൗദി അറേബ്യയിൽ ഒരു ബാരൽ എണ്ണ ഖനനം ചെയ്തെടുക്കാൻ ശരാശരി 5 ഡോളർ (450 രൂപ) മാത്രമാണ് ചെലവ്. ഇത്രയും എണ്ണ ശുദ്ധീകരിക്കാൻ ശരാശരി നാല് ഡോളർ (360 രൂപ) ചെലവാകും. അതായത് ഒരുബാരൽ ക്രൂഡ് എണ്ണ സൗദിയിൽ ഉൽപ്പന്നമാകണമെങ്കിൽ വെറും 800 രൂപയാണ് ചെലവ്. എന്നാൽ, നിലവിൽ ശരാശരി 92 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 8500 രൂപയാണ് ക്രൂഡ് ഓയിൽ വില. ഇത് ശുദ്ധീകരിച്ച് ഉൽപ്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഏകദേശം 20000 രൂപ കമ്പനികൾക്ക് ലഭിക്കും. ഗതാഗതം, നികുതി, ഡീലർ കമ്മീഷൻ ഉൾപ്പെടെയാണ് ഇന്ധന വില നിശ്ചയിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ എണ്ണ ഖനനം ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനുമാണ് ഏറ്റവും ചെലവ് കുറവ്. അതുകൊണ്ടാണ് ഈ മേഖലയിൽ കടുത്ത മത്സരം നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതും സംഭരിച്ചുവെക്കുന്നതും അമേരിക്കയും ചൈനയുമാണ്. എന്നാൽ റഷ്യയും സൗദി അറേബ്യയുമാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ. ഇറാഖിൽ 10-15 ഡോളറും റഷ്യയിൽ 15-20 ഡോളറും അമേരിക്കയിൽ 30-50 ഡോളറും കടലിലെ ഖനനത്തിന് 40-60 ഡോളറും ചെലവ് വരും.
