ടെക്‌സസ്: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിരുള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. എന്നാല്‍ ലോക്ഡൗണില്‍ തുടരുമ്‌പോഴും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ അമേരിക്കന്‍ നഗരങ്ങളില്‍ ശനിയാഴ്ച നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ചാറ്റല്‍ മഴയെപ്പോലും വക വയ്ക്കാതെ ന്യൂ ഹാംസ്ഫയറില്‍ ഒത്തുചേര്‍ന്നത് 400 ഓളം പേരാണ്. 

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച് കുറവുള്ള ഈ പ്രദേശത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. കുറേ പേര്‍ തെരുവില്‍ കാല്‍നടയായും കുറച്ചുപേര്‍ വാഹനങ്ങളിലുമാണ് ഒത്തുകൂടിയത്. ആള്‍ക്കൂട്ടത്തില്‍ സൈനിക യൂണിഫോം ധരിച്ച മുഖം മറച്ചവരുമുണ്ടായിരുന്നു. 

ടെക്‌സസില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് 250 ഓളം പേരാണ്. സ്റ്റേറ്റിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ ആയിരുന്നു പ്രതിഷേധം. ''ഇത് ടെക്‌സസ് തുറക്കാനുള്ള സമയമാണ്. ജനങ്ങള്‍ ജോലി ചെയ്യാനുള്ള സമയമാണ്. അവരുടെ സ്വയമേവയുള്ള ഇടപെടലുകള്‍ക്കുള്ള സമയമാണ്. ഭരണകൂടത്തിന്റെ നിയമങ്ങളല്ല, വിവേകമാണ് നയിക്കേണ്ടത്''  - അമേരിക്കയിലെ ആക്ടിവിസ്റ്റ് ജസ്റ്റിന്‍ ഗ്രെയ്‌സ് പറഞ്ഞു. 

''ഞാന്‍ ഒരു ഡോക്ടറൊന്നുമല്ല, എന്നാല്‍ എനിക്കറിയാം എങ്ങനെ വിവേകപൂര്‍വ്വം ഇടപെടണമെന്ന്'' ലോക്ഡൗണില്‍ കഴിയുന്ന അമിറ അബുസെയ്ദ് പറഞ്ഞു. 

ഹെയര്‍ ഡ്രെസ്സര്‍ ആയ ഡൊളോറെസിന് പറയാനുണ്ടായിരുന്നത് തന്റെ ബിസിനസ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ്. തൊഴിലില്ലായ്്മ സഹായത്തിന് ഡൊളോറെസിന് അവകാശമില്ല, കാരണം അവള്‍ ജീവനക്കാരിയല്ല, അവള്‍ക്ക് സ്വന്തമായി ബിസിനസ് ഉണ്ട്. ''എനിക്ക് എന്റെ ബിസിനസ് സംരക്ഷിക്കണം. എനിക്ക് ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ മരിക്കും'' - അവള്‍ പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം പിന്നിട്ടു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരിച്ചത്. സ്‌പെയ്‌നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരും മരിച്ചു.

അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകള്‍ ഈ കൊവിഡ് കാലത്തും അവശ്യ സര്‍വീസ് ആയി പ്രവര്‍ത്തിച്ച് വരുകയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.