ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്ത് സ്വീകരിച്ച നടപടികള്‍ക്ക് പരിപൂര്‍ണ പിന്തുണ അറിയിച്ച് ഹംഗറി. കശ്മീര്‍, പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ ഇന്ത്യയെ ഉപദേശിക്കുന്നത് രാജ്യാന്തര സമൂഹം അവസാനിപ്പിക്കണമെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ സിജിറാറ്റോ പറഞ്ഞു.

ഇന്ത്യ ടുഡേ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഹംഗറി അറിയിച്ചത്. അത്തരം തീരുമാനങ്ങള്‍ എല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ആണെന്നും മറ്റുള്ള രാജ്യങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള രാജ്യങ്ങള്‍ ഒരു രാജ്യത്തിന്‍റെ കാര്യങ്ങളില്‍ ഇടപെടുന്നതും അവരെ പഠിപ്പിക്കാന്‍ പോകുകയും ചെയ്യുന്ന രീതി ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല.

സര്‍ക്കാര്‍ നല്ല തീരുമാനങ്ങള്‍ എടുത്താല്‍ ജനങ്ങള്‍ അവരെ വീണ്ടും തെരഞ്ഞെടുക്കും. മറിച്ച് മോശമായ തീരുമാനങ്ങള്‍ ആണെങ്കില്‍ അവരെ തെരഞ്ഞെടുക്കുകയുമില്ല. ഇന്ത്യക്കാര്‍ക്ക് ഇതെല്ലാം വിട്ടുകൊടുക്കുകയാണ് വേണ്ടത്. കശ്മീര്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സംഘത്തില്‍ ഹംഗറിയില്‍ നിന്നുള്ള പ്രതിനിധിയെ അയ്ക്കുന്നത് സംബന്ധിച്ച് ഒരു അപേക്ഷയും നല്‍കിയിട്ടില്ലെന്നും പീറ്റര്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനാണ് ഹംഗറിയുടെ സ്ഥാനപതി ഇവിടെയുള്ളത്. എന്തായാലും ആ സ്ഥലം സന്ദര്‍ശിക്കുന്നത് നയതന്ത്ര ബന്ധത്തിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.