ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലാൻഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടത്.
വാഷിങ്ടൺ: വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലാൻഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടത്.
വ്യാപാരം തർക്കങ്ങൾ തീർക്കാൻ ഉപാധിയാക്കുന്നതിൽ അഭിമാനമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്നും, വ്യാപാരബന്ധം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടുണ്ട്. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെയും ട്രംപ് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും, അല്ലാതെ യുഎസിന്റെ മധ്യസ്ഥതയിലായിരുന്നില്ലെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിലുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ധാരണയായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുമ്പോൾ, ഇന്ത്യ അത്തരം മധ്യസ്ഥതകളെ നിരസിക്കുകയും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുകയാണെന്നതാണ് ശ്രദ്ധേയം.

