കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ അടുത്ത സാമ്പത്തിക വർഷം പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.
ലാഹോര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെയിലും അടുത്ത സാമ്പത്തിക വർഷം ജൂലൈ മുതൽ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ ഒരുങ്ങി പാകിസ്ഥാൻ. ജൂൺ രണ്ടിന് ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ വർധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഏല്‍പ്പിച്ച സൈനിക തിരിച്ചടികളിൽ നിന്ന് പാകിസ്ഥാൻ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിരോധ ബജറ്റില്‍ വര്‍ധന കൊണ്ട് വരുന്നത്.
രാജ്യത്തിന്‍റെ ദയനീയ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയാണ് സൈന്യത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രമാണ് ഐഎംഎഫ് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) വായ്പ അനുവദിച്ചത്. 22 ബില്യൺ ഡോളറിലധികം ബാഹ്യ കടബാധ്യത രാജ്യത്തിനുണ്ട്. ഐഎംഎഫ് വായ്പ പാകിസ്ഥാനെ ബഹുമുഖ സാമ്പത്തിക സ്ഥാപനത്തിലെ നാലാമത്തെ വലിയ വായ്പയെടുക്കുന്ന രാജ്യമാക്കി മാറ്റി.
ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘർഷവും, സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ബജറ്റ് ഫെഡറൽ സർക്കാർ വർധിപ്പിക്കുമെന്ന് പാകിസ്ഥാന്‍റെ പ്ലാനിംഗ് മന്ത്രി അഹ്സൻ ഇഖ്ബാൽ സ്ഥിരീകരിച്ചു. ഫെഡറൽ ബജറ്റ് രൂപീകരിക്കുന്നതിലോ അന്തിമമാക്കുന്നതിലോ ഐഎംഎഫിന്‍റെ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഫെഡറൽ സർക്കാർ പ്രതിരോധ ചെലവിൽ 18 ശതമാനം വർധനവ് അംഗീകരിച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇഖ്ബാലിന്‍റെ പ്രഖ്യാപനം വന്നത്. വരാനിരിക്കുന്ന ബജറ്റിൽ 2.5 ട്രില്യൺ രൂപയിലധികമാണ് വകയിരുത്തിയിട്ടുള്ളത്.


