Asianet News MalayalamAsianet News Malayalam

ഉയി​ഗൂർ പ്രശ്നം ചർച്ച ചെയ്യണമെന്ന് യുഎന്നിൽ ചൈനക്കെതിരെ പ്രമേയം; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുൻനിലപാട് അനുസരിച്ചാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

India abstain on vote against China at UNHRC on Uyghur Muslims issues
Author
First Published Oct 7, 2022, 8:33 AM IST

ദില്ലി: ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങൾ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഉയി​ഗൂർ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. 19 രാജ്യങ്ങൾ എതിർത്തും 17 രാജ്യങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളി. കൗൺസിലിന്റെ 16 വർഷത്തെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഒരു പ്രമേയം തള്ളിപ്പോകുന്നത്. 47 അംഗ സമിതിയിൽ നിന്ന് ഇന്ത്യയുൾപ്പെടെ 11 രാജ്യങ്ങളാണ് വിട്ടുന്നത്.
 

മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുൻനിലപാട് അനുസരിച്ചാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ക്രിയാത്മകമായ ചർച്ചകളെയാണ് ഇന്ത്യ അനുകൂലിക്കുന്നത്. ചൈനക്കെതിരെ ചർച്ച നടത്താൻ അം​ഗരാജ്യങ്ങൾ പിന്തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെക്കാനുള്ള നീക്കമായിട്ടാണ് മിക്ക രാജ്യങ്ങളും പ്രമേയത്തെ വിലയിരുത്തിയത്. ഇന്ന് ചൈനയെ ആണെങ്കിൽ നാളെ മറ്റ് വികസ്വര രാജ്യങ്ങളെയും ലക്ഷ്യം വെക്കാമെന്നും പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും ചൈനീസ് അംബാസഡർ ചെൻ സൂ ആരോപിച്ചു.

എന്നാൽ ഉയി​ഗൂർ വിഭാ​ഗത്തിനെതിരെ ചൈന കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണത്തൽ ചൈനയ്ക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ രേഖപ്പെടുത്താനും മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാനും അവസരം നൽകുന്ന തരത്തിൽ ചർച്ചയ്ക്ക് നിഷ്പക്ഷ വേദി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് യുഎസ് അംബാസഡർ മിഷേൽ ടെയ്‌ലർ പറഞ്ഞു. അം​ഗരാജ്യങ്ങളിൽ ആർക്കും തികഞ്ഞ മനുഷ്യാവകാശ വിഷയത്തിൽ ക്ലീൻചിറ്റില്ലെന്നും ഒരു രാജ്യത്തെയും, എത്ര ശക്തമാണെങ്കിലും, കൗൺസിൽ ചർച്ചകളിൽ നിന്ന് ഒഴിവാക്കരുതെന്നും ഇവർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios