വാഷിം​ഗ്ടൺ: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എതിർസ്ഥാനാർത്ഥി ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടയിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്. ഇരുവരും തമ്മിലുള്ള ചൂടേറിയ സംവാദത്തിനിടയിൽ രണ്ടു തവണ ഇന്ത്യയെക്കുറിച്ച് പരാമർശമുണ്ടായി. കൊവിഡ് ബാധയെക്കുറിച്ചുള്ള യുഎസ് ​ഗവൺമെന്റിന്റെ പ്രതികരണത്തെക്കുറിച്ചും ഏറ്റവും കൂടുതൽ കൊവിഡ് ബാധയുള്ള രാജ്യങ്ങളിലൊന്നായി അമേരിക്ക മാറുന്നതിനെക്കുറിച്ചുമാണ് ബൈഡൻ സംസാരിച്ചത്. 

ചൈനയിലും റഷ്യയിലും ഇന്ത്യയിലും കൊവിഡ് മൂലം എത്രപേരാണ് മരിച്ചതെന്ന കണക്കുകൾ ആർക്കുമറിയില്ല. കൃത്യമായ ഉത്തരം അവർ നൽകിയിട്ടില്ല, യഥാർത്ഥ കണക്കുകൾ അവർ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധയുടെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് ബാധയെതുടർന്ന് എത്ര കുടുംബങ്ങൾക്കാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന് ബൈഡൻ പറഞ്ഞപ്പോൾ എല്ലാത്തിനും കാരണം ചൈനയാണെന്നാണ് ട്രംപ് പറഞ്ഞത്. 

കൊവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് ട്രംപിന്റേതെന്നും ബൈഡൻ പറഞ്ഞു. സ്വന്തം കാര്യം സംരക്ഷിക്കുന്നതിലാണ് പ്രസിഡന്റിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണ് ഇപ്പോൾ നടന്നത്. ഇനി രണ്ട് സംവാദങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്.