ദില്ലി: അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഇന്ത്യയും ഫലത്തിനായി കാത്തിരിക്കുകയാണ്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സൈനിക കരാർ ഒപ്പു വച്ച് ഡോണൾഡ് ട്രംപ് ഭരണകൂടത്തിനുള്ള നിശബ്ദ പിന്തുണയാണ് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചത്. ചൈന അതിർത്തിയിലെ സംഘർഷത്തിൽ അമേരിക്കൻ നയം വോട്ടെടുപ്പിന് ശേഷം മാറുമോ എന്നും ദില്ലി ഉറ്റുനോക്കുന്നു.

 നരേന്ദ്രമോദിയുമായി അടുത്ത വ്യക്തിബന്ധത്തിന് ഡോണൾഡ് ട്രംപ് തയ്യാറായത് അവസാന രണ്ടു വർഷത്തിലാണ്. അപ്പോഴും തീരുവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. എച്ച് വൺ ബി വിസയുടെ കാര്യത്തിൽ ഇന്ത്യാ വിരുദ്ധ നിലപാട് ട്രംപ് സ്വീകരിച്ചു. ജമ്മുകശ്മീരിൽ ഇടപെടലിന് ആദ്യം ശ്രമിച്ചു പിന്നീട് ട്രംപ് പിൻവലിഞ്ഞു. എന്നാൽ പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തിൻറെ കാര്യത്തിലും ചൈന അതിർത്തിയിലെ സംഘർഷത്തിലും ഇന്ത്യയ്ക്കൊപ്പം നിന്നു. ജോ ബൈഡൻ വിസയുടെ കാര്യത്തിൽ ഇന്ത്യയുടെ വികാരം പരിഗണിക്കുമെന്ന് ദില്ലി കരുതുന്നു. ഭീകരവാദത്തിൻറെ കാര്യത്തിൽ ബൈഡനും ശക്തമായ നിലപാട് സ്വീകരിച്ചേക്കും. എന്നാൽ ചൈനയോട് ഡോണൾഡ് ട്രംപ് കാട്ടുന്ന അതേ കർക്കശ നിലപാട് ബൈഡനിൽ നിന്ന് പ്രതീക്ഷിക്കാനാകില്ല. 

 ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയത് ഉൾപ്പടെയുള്ള വിഷയങ്ങൾ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ചർച്ചയാക്കാൻ നോക്കിയെങ്കിലും അമേരിക്കയുടെ പിന്തുണ കിട്ടിയില്ല. ട്രംപും മോദിയും സ്ഥാപിച്ച സൗഹൃദം ഈ നിലപാട് എടുക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചു. നിശബ്ദ പിന്തുണ ഡോണൾഡ് ട്രംപിനെങ്കിലും ബൈഡൻ വരാനുള്ള സാധ്യത കൂടി കണ്ട് കേന്ദ്രം കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്.