വിസ്കി, വാഹനങ്ങൾ, ബദാം തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലെ വിപണി തുറന്നുകൊടുക്കുന്നതിൽ ധാരണയായെന്നും കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നുമാണ് സൂചന

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാറിന് ഏതാണ്ട് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവ ചുമത്തി കത്തുകൾ നൽകിയ 14 രാജ്യങ്ങളിൽ ഇന്ത്യയുടെ പേരില്ലാത്തതിന്‍റെ കാരണം വിശദീകരിക്കവെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് പത്ത് ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയിൽ ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

വിസ്കി, വാഹനങ്ങൾ, ബദാം, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാവകൾ തുടങ്ങി നിരവധി അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലെ വിപണി തീരുവ കുറച്ച് തുറന്നു കൊടുക്കാൻ ഏതാണ്ട് ധാരണയായെന്നാണ് സൂചന. എന്നാൽ കാർഷിക ഉത്പന്നങ്ങളുടെയും ക്ഷീര ഉതപന്നങ്ങളുടെയും കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയ്ക്ക് അമേരിക്കയും തീരുവ കുറയ്ക്കും. ധാരണയായ ഉത്പന്നങ്ങളുടെ കാര്യത്തിൽ വൈകാതെ കരാർ ഒപ്പുവയ്ക്കും എന്ന സൂചനയാണ് ഡോണൾഡ് ട്രംപ് തന്നെ നൽകുന്നത്.

ഉയർന്ന തീരുവ ഈടാക്കുന്നതിനുള്ള അമേരിക്കൻ നടപടികൾ ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ബാധകമാകില്ല. ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ട്രംപ് ഇന്നലെ കത്ത് നൽകിയത്. കാർഷിക ഉത്പന്നങ്ങൾ പട്ടികയിലുണ്ടെങ്കിൽ പാർലമെന്‍റ് സമ്മേളനത്തിൽ വൻ കോളിളക്കം ഉണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം. ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് പത്ത് ശതമാനം അധിക തീരുവ ചുമത്തും എന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇത് തല്ക്കാലം ഉണ്ടാകില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. ബ്രിക്സ് അമേരിക്കൻ വിരുദ്ധ നീക്കം നടത്തുന്നു എന്ന ആരോപണം റഷ്യയും ചൈനയും തള്ളിയിരുന്നു. യു എസുമായുള്ള വ്യാപാര കറാറിന് ഏതാണ്ട് ധാരണയായതിനാൽ ഇന്ത്യ, ബ്രിക്സ് വിഷയത്തിലെ അമേരിക്കൻ നിലപാടിനോട് പ്രതികരിച്ചിട്ടില്ല.

ജപ്പാനും കൊറിയയുമടക്കമുള്ള 14 രാജ്യങ്ങൾക്ക് ട്രംപിന്‍റെ പകര തീരുവ കത്ത്

ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയുള്ള കത്തുകൾ വൈറ്റ് ഹൗസ് അയച്ചു. ഈ കത്തുകൾ ട്രൂത്ത് സോഷ്യലിൽ പ്രസിഡന്‍റ് ട്രംപ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും യു എസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു. യു എസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു. നിലവിലുള്ള വലിയ വ്യാപാരക്കമ്മി ഉണ്ടായിരുന്നിട്ടും വ്യാപാരം തുടരാൻ യു എസ് തയാറാണെന്നും എന്നാൽ അത് കൂടുതൽ ന്യായവും സന്തുലിതവും ആയിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി.