Asianet News MalayalamAsianet News Malayalam

'ചൈനയും പാകിസ്ഥാനും ഭീകരവാദികളെ സംരക്ഷിക്കുന്നു'; യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിത ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളോ ഖ്യാതിയോ ഉയർത്തുന്നില്ലെന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

India slams China and Pakistan for defending terrorists at UN
Author
First Published Sep 25, 2022, 10:49 AM IST

യുഎന്‍: ആഗോള ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നുവെന്ന് യുഎൻ പൊതുസഭയിൽ  ഇന്ത്യ. റഷ്യ യുക്രൈൻ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.  ഭീകരവാദ വിഷയത്തിൽ ചൈനക്കും പാകിസ്താനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമർശിച്ചു. ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിത ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളോ ഖ്യാതിയോ ഉയർത്തുന്നില്ലെന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ- എന്നിവയ്‌ക്കെതിരായുള്ള പ്രമേയങ്ങൾ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന സ്ഥാനം ഉപയോഗിച്ച് വീറ്റോ ചെയ്ത ചൈനയെയും ജയശങ്കർ ലക്ഷ്യം വെച്ചു.

പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയുടെ ആഘാതം ഏറ്റുവാങ്ങിയ രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്‍റെ  കാഴ്ചപ്പാടിൽ ഒരു ഭീകരപ്രവർത്തനത്തിനും ന്യായീകരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ ഉപരോധിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഭീകരവാദത്തോട് പ്രതികരിക്കുന്നത്. യുഎന്‍എസ് സി 1267 ഉപരോധത്തെ രാഷ്ട്രീയവത്കരിക്കുന്നവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്വന്തം അപകടത്തിലേക്കാണ് അവര്‍ പോകുന്നത്. അവർ സ്വന്തം താൽപ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

ഈ മാസം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍ വാർഷിക ഉച്ചകോടിയിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎസിന്‍റെയും ഇന്ത്യയുടെയും നേതൃത്വത്തിലുള്ള യുഎൻ നിർദ്ദേശം ചൈന തടഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം ചൈനയും പാക്കിസ്ഥാനും എസ്‌സിഒയിൽ അംഗങ്ങളാണ്. ഈ വർഷം ജൂണിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ അബ്ദുല്‍ റഹ്മാൻ മക്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ ഉപരോധപ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്‍റെയും നിർദ്ദേശം അവസാന നിമിഷം ചൈന തടഞ്ഞു. ലഷ്‌കർ-ഇ-തൊയ്ബ തലവനും 26/11 സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ ഭാര്യാസഹോദരനും യുഎസ് പട്ടികയിലെ ഭീകരനുമാണ് മക്കി.

Follow Us:
Download App:
  • android
  • ios