ഫിലഡൽഫിയയിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനിയുടെ പ്രസ്താവന. അഭിമുഖത്തിന്‍റെ പൂർണരൂപം, അമേരിക്ക ഈ ആഴ്ചയിൽ കാണാം.

ഫിലഡൽഫിയ: ഇന്ത്യ - അമേരിക്ക ഉഭയകക്ഷി ബന്ധം എക്കാലത്തേക്കാളും മികച്ച നിലയിലാണെന്ന്‌ വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനി ഏഷ്യാനെറ്റ് ന്യൂസിനോട്. ഇരു രാജ്യങ്ങളുടെയും സംയുക്ത താല്പര്യങ്ങൾ മുന്നിൽ കണ്ടാണ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഫിലഡെൽഫിയയിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയെക്കുറിച്ച് ആദ്യത്തെയും വ്യാഴാഴ്ച നടന്ന രണ്ടാമത്തെയും സംവാദത്തിൽ പ്രഡിഡന്‍റ് ട്രംപ് പറഞ്ഞത് അത്ര നല്ല പരാമർശങ്ങളല്ല. കൊവിഡ് മരണങ്ങളിൽ ഇന്ത്യ ശരിയായ കണക്ക് പോലും പുറത്തുവിടുന്നില്ല എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. ഇത് കണക്കിലെടുക്കാതെ രണ്ടാം സംവാദത്തിൽ ട്രംപ് പറഞ്ഞത്, ഇന്ത്യയിലെ വായുമലിനീകരണത്തോത് വളരെക്കൂടുതലാണെന്നും, ഇവിടത്തെ വായു വൃത്തികെട്ടതാണെന്നുമാണ്. ചൈനയുടെയും റഷ്യയുടെയും വായുമലിനീകരണവും സമാനമായ രീതിയിൽ മോശമാണെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ചൈനയുടെ പ്രകോപനപരമായ നിലപാട് പരിഗണിക്കുമ്പോൾ, ഇന്ത്യയെപ്പോലെ സമാനമനസ്കരായ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് ഇന്നലെ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അടുത്തയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധസെക്രട്ടറി മാർക്ക് എസ്പർ എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായുള്ള പ്രസ്താവനയിലാണ് ട്രംപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. 

രണ്ടാം പ്രസിഡൻഷ്യൽ സംവാദവും കഴിഞ്ഞതോടെ അമേരിക്കയിൽ പ്രചാരണം ചൂടുപിടിച്ച് കഴിഞ്ഞു. പെൻസിൽവാനിയ ഇരുപക്ഷത്തിനും സുപ്രധാനമായ സംസ്ഥാനമാണ്. 2016-ൽ ട്രംപാണ് പെൻസിൽവാനിയ പിടിച്ചത്. ഇത് തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് ബൈഡൻ - ഹാരിസ് സഖ്യം. 20 ഇലക്ട്രൽ വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുൻ പ്രസിഡന്‍റ് ബരാക് ഒബാമ ഫിലാഡൽഫിയയിൽ എത്തിയിരുന്നു. പ്രസിഡന്‍റ് ട്രംപിന് വോട്ടഭ്യർത്ഥിച്ച് ഫിലഡൽഫിയയിൽ എത്തിയപ്പോഴാണ് മുൻ വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. 

അമേരിക്കയുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ട്രംപിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഹ്യൂസ്റ്റനിൽ നടന്ന ഹൗഡി മോദി ചടങ്ങിന്‍റെ പ്രധാനസംഘാടകരിൽ ഒരാളായിരുന്നു മിക് മൽവേനി. ഇന്ത്യ - അമേരിക്ക ഉഭയകക്ഷി ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നും മിക് പറയുന്നു.