Asianet News MalayalamAsianet News Malayalam

ഫലസ്തീനെതിരെയുള്ള ഇസ്രായേല്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തു.

india voted for israel in un against palastine ngo
Author
United Nations Headquarters, First Published Jun 12, 2019, 3:05 PM IST

യുഎന്‍: ഫലസ്തീന്‍, ഇസ്രായേല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഫലസ്തീനിലെ എന്‍ജിഒ സംഘടനക്ക് ഉപദേശക പദവി നല്‍കുന്നതിനെ എതിര്‍ത്ത് യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍(ഇസിഒഎസ്ഒസി) ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യക്ക് പുറമെ, യുഎസ്, യുകെ, യുക്രൈന്‍, ജപ്പാന്‍, കൊറിയ, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്. 15നെതിരെ 28 വോട്ടുകള്‍ക്ക് പ്രമേയം പാസായി. ഹമാസുമായുള്ള ബന്ധം സംഘടന വെളിപ്പെടുത്തിയില്ലെന്ന് ഇസ്രായേല്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വേദിയില്‍ ആദ്യമായാണ് ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നത്.

ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തു. ഫലസ്തീനിയന്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഉപദേശക പദവി തേടി യുഎന്നിനെ സമീപിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി തിരിച്ചയക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഉപദേശക  പദവി ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ട പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്‍ജിഒ പരാജയപ്പെട്ടെന്ന് യുഎന്‍ വിശദീകരിച്ചു. 

ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തതിന് ഇന്ത്യയിലെ ഇസ്രായേല്‍ ഡെപ്യൂട്ടി ചീഫ് മിഷന്‍ മായ കദോഷ് നന്ദി പറഞ്ഞു. തീവ്രവാദ സംഘടന യുഎന്നില്‍ നിരീക്ഷക പദവി ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷക്കെതിരെ ഇസ്രായേലിനോടൊപ്പം ഇന്ത്യ നിലകൊണ്ടതില്‍ നന്ദിയുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. നേരത്തെ ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇന്ത്യ പരസ്യനിലപാടുകള്‍ എടുത്തിരുന്നില്ല. സമാനമായി മുമ്പ് നടന്ന വോടട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

Follow Us:
Download App:
  • android
  • ios